1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2023

സ്വന്തം ലേഖകൻ: ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രത പാലിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പുന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. ഡല്‍ഹി ഖലിസ്താന്റെ നിയന്ത്രണത്തിലാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെങ്കിലും താന്‍ രക്ഷപ്പെട്ടുവെന്നും വിഘടനവാദി നേതാവ് പറയുന്നുണ്ട്. ഇതിന് പ്രതികാരമായി പാര്‍ലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം പുറത്തുവന്നത്‌ എന്നതും ശ്രദ്ധേയമാണ്.

എയര്‍ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പുന്നൂന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും വിഘടനവാദി നേതാവ് നേരത്തെ പറഞ്ഞിരുന്നു. ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പന്നൂനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.