1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: യു.എസ് ജനപ്രതിനിധി സഭയില്‍ സല്‍മാന്‍ രാജകുമാരനെ ഉപരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് വ്യക്തമായതിനാല്‍ അദ്ദേഹത്തിനെ ഉപരോധിക്കണമെന്ന് ഇല്‍ഹാന്‍ ഒമര്‍ സഭയില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി തന്നെ ജനപ്രതിനിധി സഭയില്‍ പരസ്യ വിമര്‍ശനവുമായി ബില്‍ അവതരിപ്പിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയേയും, പ്രസിഡന്റ് ജോ ബൈഡനേയും പ്രതിരോധത്തിലാക്കി.

“ഇത് മാനവികതയോടുള്ള പരീക്ഷണമാണ്. അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും, മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സല്‍മാന്‍ രാജകുമാരനെതിരെ ഉപരോധം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല,” ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക തിങ്കളാഴ്ച വ്യക്തമാക്കി.

സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞത്. സല്‍മാന്‍ രാജകുമാരനെതിരെ സൗദി നടപടി സ്വീകരിക്കണമെന്നും നെഡ് പ്രൈസ് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് അഭിപ്രായപ്പെട്ടിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്. ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.