1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: അബൂദാബിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഡിസ്പെന്‍സറില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാല് വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ഒരു വ്യാപാര കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കവേ കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സറില്‍ നിന്നാണ് അപകടമുണ്ടായത്.

മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ട് പെട്ടെന്ന് കുതറിയോടി ഡിസ്പെന്‍സറിന്റെ പെഡല്‍ ചവിട്ടുകയായിരുന്നു. സാനിറ്റൈസര്‍ താഴേക്ക് പതിക്കുന്നതിന് പകരം വലിയ തോതില്‍ നേരെ കുട്ടിയുടെ കണ്ണിലേക്ക് തെറിച്ചു. വേദനയും പുകച്ചിലും കൊണ്ട് വാവിട്ടു കരഞ്ഞ കുഞ്ഞിന്റെ കണ്ണ് നിരവധി തവണ കഴുകിയെങ്കിലും ഫലമുണ്ടായില്ല. കണ്ണ് തുറക്കാന്‍ കുട്ടി പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ഒരു വിധം കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ണിനകത്ത് മുറിവ് സംഭവിച്ചതായി കണ്ടെതിനെ തുടര്‍ന്ന് അബൂദാബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. ഹാന്‍ഡ് സാനിറ്റൈസറിലെ ആല്‍ക്കഹോളും ആല്‍ക്കലൈന്‍ രാസവസ്തുവും കണ്ണിലെ കോര്‍ണിയക്ക് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പ്രഥമ ചികില്‍സ നല്‍കി വീട്ടിലേക്കയച്ചെങ്കിലും കണ്ണിലെ അസ്വസ്ഥത തുടര്‍ന്നതിനെ തുടര്‍ന്ന് അനസ്തീഷ്യ നല്‍കി കണ്ണ് പരിശോധിച്ചപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ചെറിയ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഏതാനും മാസം ചികില്‍സ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍, അതീവ ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അബദ്ധവശാല്‍ കണ്ണില്‍ സാനിറ്റൈസര്‍ ആയാല്‍ നല്ല രീതിയില്‍ ശുദ്ധമായ വെള്ളം ഉപയോഗിച്ച് പലതവണ കണ്ണ് കഴുകണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സാനിറ്റൈസർ കുട്ടികളുടെ കണ്ണിൽ വീഴുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാഴ്ചയെ ബാധിച്ച കേസുകൾ കൂടിവരികയാണ്. പല അണുനാശിനികളിലും ഗണ്യമായ തോതിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നും ഇതു നേത്രപടലത്തെ ബാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ചെറിയ പ്രായത്തിൽ കണ്ണുകൾക്കുണ്ടാകുന്ന തകരാർ ചികിത്സ വൈകുംതോറും ഗുരുതരമാകും. 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സാനിറ്റൈസർ ഉപയോഗം കൊണ്ടുള്ള നേത്രരോഗങ്ങൾ ഏഴിരട്ടി വർധിച്ചതായാണു റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.