1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2024

സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ അമീര്‍ സര്‍ഫറാസ് താംബ (Amir Sarfaraz Tamba) അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ലഹോറിലെ സനാന്‍ത് നഗറില്‍വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ ആയുധധാരികള്‍ താംബയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തോക്കുധാരികള്‍ താംബയുടെ വീട്ടില്‍ കയറി വെടിവെച്ചതായി ലാഹോറിലെ
ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്തുനിന്ന് അക്രമികള്‍ മോട്ടോര്‍ ബൈക്കില്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് താംബയെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലഷ്‌കറെ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അധോലോക കുറ്റവാളികൂടിയായിരുന്നു താംബ. സരബ്ജിത് സിങ്ങിന്റെ ജയില്‍വാസവും 2013-ല്‍ അദ്ദേഹത്തിന്റെ മരണവും അക്കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന നയതന്ത്ര പ്രശ്‌നമായിരുന്നു.

വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന വിപുലമായ തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനില്‍ കൊലപാതങ്ങള്‍ നടത്തുന്നതായി ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് താംബ അജ്ഞാതന്റെ വെടിയേറ്റ് മരിക്കുന്നത്. 2020 മുതല്‍ പാകിസ്താനില്‍ ഇന്ത്യ 20 കൊലപാതകങ്ങള്‍ നടത്തി എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.

പക്ഷേ, ഗാര്‍ഡിയന്റെ ആരോപണങ്ങള്‍ പച്ചക്കള്ളവും ഇന്ത്യാവിരുദ്ധപ്രചാരണത്തിന്റെ ഭാഗവുമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ പ്രതികരിച്ചത്. മറ്റുരാജ്യങ്ങളില്‍ ആസൂത്രിതകൊലപാതകങ്ങള്‍ നടത്തുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കിയത് ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ താംബ കൊല്ലപ്പെട്ടതോടെ ഇതിന് പിന്നിലും ഇന്ത്യയാണെന്ന് പാകിസ്താന്‍ ആരോപണം ഉയര്‍ത്തി.

സരബ്ജിത് സിങ്ങിനെതിരേ 2013 ഏപ്രിലില്‍ നടന്ന ആക്രമണത്തില്‍ താംബയും കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന മുദാസിര്‍ മുനീറുമാണ് ഉള്‍പ്പെട്ടിരുന്നത്. ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് പാകിസ്താന്‍ ലോക്കല്‍ പോലീസ് തടവുകാരായ അമീര്‍ സര്‍ഫറാസ് താംബ, മുദാസിര്‍ മുനീര്‍ എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുഗന്ധവ്യഞ്ജന വ്യാപാരിയായിരുന്നു താംബ ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു.

പക്ഷേ അധികകാലം ഇരുവര്‍ക്കും ജയലില്‍ കഴിയേണ്ടി വന്നില്ല. സിങ്ങിനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ നിന്ന് 2018 ഡിസംബര്‍ 14-ന് ലാഹോറിലെ സെഷന്‍സ് കോടതി തംബയെയും മുനീറിനെയും കുറ്റവിമുക്തരാക്കുകയും വിട്ടയയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. അവര്‍ക്കെതിരായ ‘തെളിവുകളുടെ അഭാവം’ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പക്ഷേ, എല്ലാ സാക്ഷികളും കൂറുമാറി എന്നാണ് ഒരു കോടതി ഉദ്യോഗസ്ഥന്‍ പിന്നീട് വ്യക്കമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.