1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2022

സ്വന്തം ലേഖകൻ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു. 2017-നുശേഷം ആദ്യമായാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കുന്നത്. അന്നത്തേതിനെക്കാള്‍ ശക്തിയേറിയ മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.

മിസൈല്‍ പരീക്ഷിച്ച് ഒരു ദിവസത്തിന് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്.കിം ജോങ് ഉന്‍ മിസൈല്‍ നിരീക്ഷിക്കുന്നതിന്റെയും വിക്ഷേപണത്തിന് നേതൃത്വം നല്‍കുന്നതിന്റെയും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്ഷേപണത്തിന് പിന്നാലെ കിം ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തുവിട്ടിട്ടുണ്ട്.

2020ല്‍ നടന്ന ഒരു പരേഡിലാണ് ഹ്വാസോങ്-17 ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. മിസൈലിന്റെ ഭീമാകാരമായ വലിപ്പം അന്ന് തന്നെ ചര്‍ച്ചയായിരുന്നു. പല സൈനിക വിദഗ്ദ്ധരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ‘ആണവയുദ്ധത്തിന് ശക്തമായ പ്രതിരോധം’ എന്നാണ് പരീക്ഷണത്തെ ഔദ്യോഗിക മാധ്യമം വിശേഷിപ്പിച്ചത്.

2017-ല്‍ ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര മിസൈലിനേക്കാള്‍ ദൂരപരിധിയുള്ളതാണ് ഇപ്പോള്‍ പരീക്ഷിച്ച മിസൈല്‍. 45,000 കിലോമീറ്ററായിരുന്നു അന്ന് പരീക്ഷിച്ച ഹ്വാസോങ്-15 ന്റെ ഓള്‍ട്ടിട്ട്യൂഡ്. മിസൈലിന്റെ ദൂരപരിധി 13,000 കിലോമീറ്ററായിരുന്നു (8,080 മൈല്‍). ഏകദേശം അമേരിക്ക മുഴുവന്‍ ഇതിനുള്ളില്‍ വരും. ഇപ്പോള്‍ പരീക്ഷിച്ച ഹ്വാസോങ്-17ന് ഇതിലധികം ദൂരപരിധിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്.

ഒരേസമയം ഒന്നില്‍കൂടുതല്‍ ആണവായുധങ്ങള്‍ വഹിക്കാനും മിസൈലിനു ശേഷിയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു ‘മോണ്‍സ്റ്റര്‍ മിസൈല്‍’ എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതിനേ വിശേഷിപ്പിക്കുന്നത്. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി ഹോളിവുഡ് സിനിമാ സ്‌റ്റൈലില്‍ തയ്യാറാക്കിയ മിസൈല്‍ വിക്ഷേപണത്തിന്റെ വീഡിയോയും ഉത്തരകൊറിയ പുറത്തിറക്കി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരിട്ടെത്തി മിസൈല്‍ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ലെതര്‍ ജാക്കറ്റും ഡാര്‍ക്ക് സണ്‍ഗ്ലാസും ധരിച്ച് മാസ് ലുക്കിലാണ് വീഡിയോയില്‍ കിം ജോങ് പ്രത്യക്ഷപ്പെടുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹം മിസൈല്‍ വിക്ഷേപണ തറയിലേക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും മറ്റും ഏറെ നാടകീയമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമാ സ്‌റ്റൈലില്‍ പശ്ചാത്തല സംഗീതവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വ്യാഴാഴ്ചത്തെ മിസൈല്‍ വിക്ഷേപണത്തെ ജപ്പാനും ദക്ഷിണ കൊറിയയും സസൂക്ഷമാണ് നിരീക്ഷിക്കുന്നത്. ഉത്തര കൊറിയ നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥരീകരിച്ചിരുന്നു. ഒരു മണിക്കൂര്‍കൊണ്ട് 1100 കിലോമീറ്റര്‍ സഞ്ചരിച്ച റോക്കറ്റ് ജപ്പാന്‍ കടലില്‍ പതിച്ചെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മിസൈല്‍ 6,000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുവെന്നും ഒരു മണിക്കൂറിന് ശേഷം ജാപ്പനീസ് കടലില്‍ വീണുമെന്നുമാണ് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഹൊക്കൈഡു ദീപിന് സമീപം ജപ്പാന്റെ നിയന്ത്രണത്തിലുള്ള സമുദ്രമേഖലയിലാണ് മിസൈല്‍ പതിച്ചത്. തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളില്‍ പതിച്ച മിസൈലിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കുമെന്നും ദക്ഷിണ കൊറിയന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കുമെന്നുമാണ് ജപ്പാന്‍ വ്യക്തമാക്കുന്നത്.

ഉത്തരകൊറിയക്ക് മറുപടി നല്‍കിക്കൊണ്ട് കര, സമുദ്ര, നാവിക മേഖലകളിലായി അഞ്ചു മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. യു.എന്‍. രക്ഷാസമിതിപ്രമേയങ്ങളെ ലംഘിക്കുന്നതാണ് നടപടിയെന്ന് യു.എസ്. ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.