
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹമായിരുന്നു ചാൾസ് രാജാവിന്റേയും കമീല രാജ്ഞിയുടേയും. ജനങ്ങളുടെ പ്രിയ രാജകുമാരിയായിരുന്ന ഡയാന രാജകുമാരിയുടെ ദുരൂഹ മരണ ശേഷമുള്ള ചാൾസ് രാജാവിന്റെ രണ്ടാം വിവാഹം കുറച്ചൊന്നുമല്ല വാർത്തകളിൽ നിറഞ്ഞത്. ഒരു കാലത്ത് ജീവനുതുല്യം സ്‌നേഹിച്ച കമീലയെ വേർപിരിഞ്ഞ് ഡയനായുമായി പ്രണയത്തിലായ ചാൾസിനെ വീണ്ടും വിധി കമീലയുമായി ഒന്നിപ്പിക്കുകയായിരുന്നു.
വർഷം 1947 ജൂലൈ 17. അന്നാണ് കമീല ഷാൻഡ് ജനിക്കുന്നത്. 1948 നവംബർ 14നാണ് ചാൾസ് രാജാവിന്റെ ജനനം. ചാൾസിനെക്കാൾ 14 മാസം പ്രായം കൂടുതലാണ് കമീലയ്ക്ക്. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റെ മകളായ കമീല ചെറുപ്പം മുതൽ തന്നെ രാജകുടുംബമായി നല്ല ബന്ധമായിരുന്നു.
ചാൾസും കമീലയും തമ്മിൽ ആദ്യമായി കാണുന്നത് 1970 ലാണ്. വിൻഡ്‌സർ ഗ്രേറ്റ് പാർക്കിൽ നടന്ന പോളോ മത്സരത്തിനിടെയായിരുന്നു അത്. പോളോയോടുള്ള ഇരുവരുടേയും പ്രണയം ചാൾസിനേയും കമീലയേയും തമ്മിലടുപ്പിച്ചു. ഇരുവരും പ്രണയത്തിലായി കുറച്ച് നാളുകൾക്കകം തന്നെ ചാൾസ് റോയൽ നേവിയിൽ സേവനം അനുഷ്ഠിക്കാൻ യാത്രയായി. എട്ട് മാസത്തിന് ശേഷം തിരികെ വന്നപ്പോഴേക്കും കമീലയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
1980 ൽ ചാൾസ് ഡയാനയുമായി പ്രണയത്തിലായി. 1981 ഫെബ്രുവരി 6ന് ഡയാനയോടെ ചാൾസ് വിവാഹാഭ്യർത്ഥന നടത്തി. ഫെബ്രുവരി 24ന് വാർത്ത പുറം ലോകം അറിഞ്ഞു. അങ്ങനെ ജൂലൈ 29ന് 740 ദശലക്ഷം പേർക്കൊപ്പം കമീലയേയും സാക്ഷിയാക്കി സെന്റ് മേരീസ് പോൾ കത്തീഡ്രലിൽ ചാൾസ് ഡയാനയെ വിവാഹം കഴിച്ചു. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങൾ പിറന്നു. പ്രിൻസ് വില്യമും പ്രിൻസ് ഹാരിയും. 1984 ഓടെ ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണു. 1986 ഓടെ ചാൾസ് കമീലയുമായി വീണ്ടും പ്രണയത്തിലായി.
1989 ൽ ഡയാന കമീലയോട് ചാൾസുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചിരുന്നതായാണ് റിപ്പോർട്ട്. കമീല ഡയാനയോട് തിരികെ ചോദിച്ചു ‘നിങ്ങൾക്കും ചാൾസിനുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ലഭിച്ചുകഴിഞ്ഞു. ലോകത്തെ പുരുഷന്മാരെല്ലാം നിങ്ങളുമായി പ്രണയത്തിലാണ്. നിങ്ങൾക്ക് രണ്ട് മിടുക്കന്മാരായ ആൺമക്കളുണ്ട്. ഇതിൽ കൂടുതൽ എന്താണ് നിങ്ങൾക്ക് വേണ്ടത്?’. ഇതിന് മറുപടിയായി ഡയാന പറഞ്ഞു ‘എനിക്കെന്റെ ഭർത്താവിനെ തിരികെ വേണം.’
1992ൽ ചാൾസ് രാജകുമാരനും ഡയാന രാജ്ഞിയും വേർപിരിഞ്ഞു. പ്രിൻസ് ആനിയുടേയും രണ്ടാം ഭർത്താവ് ടിമോത്തി ലോറൻസിന്റേയും വിവാഹത്തിനിടെയായിരുന്നു പ്രഖ്യാപനം. 1995 ൽ കമീലയും ഭർത്താവ് ആൻഡ്രുവും വേർപിരിഞ്ഞു. 1996 ലാണ് ചാൾസിന്റേയും ഡയാനയുടേയും വിവാഹമോചനം ഔദ്യോഗികമായി പൂർത്തിയാകുന്നത്.
1997 ൽ ചാൾസുമൊത്തുള്ള കമീലയുടെ അൻപതാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ ഡയാന കാർ അപകടത്തിൽ മരിച്ചു. ഈ മരണത്തിന് പിന്നിലെ ദുരൂഹതകൾ ഇപ്പോഴും പൂർണമായും മറനീക്കി പുറത്തുവന്നിട്ടില്ല. കമീലയുമായുള്ള ബന്ധം ഔദ്യോഗികമാക്കാനുള്ള രേഖകൾ തയാറാക്കാൻ നീക്കം നടക്കുന്നത് 1998 ലാണ്.
ചാൾസിന്റെ 50-ാം പിറന്നാളിന് കമീലയുണ്ടാകും എന്ന ഒറ്റക്കാരണത്താൽ എലിസബത്ത് രാജ്ഞി ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. വർഷം രണ്ടായിരത്തിന്റെ തുടക്കത്തോടെ കമീലയുമായുള്ള ബന്ധം ഔദ്യോഗികമാക്കാൻ രാജ്ഞിയുടെ അനുമതിക്കായി കാക്കുകയായിരുന്നു ചാൾസ്. തുടർന്ന് കിംഗ് ഓഫ് ഗ്രീസിന്റെ 60-ാം പിറന്നാൾ സത്കാരത്തിൽ കമീലയുണ്ടാകുമെന്നറിഞ്ഞിട്ടും രാജ്ഞി എത്തി ചാൾസ്-കമീല ബന്ധത്തിന് രാജ്ഞി മൗനാനുമതി നൽകി.
വെസ്റ്റ്മിനിസ്റ്റർ സിറ്റിയിലെ രാജമന്ദിരമായ ക്ലാരൻസ് ഹൗസിൽ ചാൾസും കമീലയും ഒരുമിച്ച് താമസം ആരംഭിച്ചു. ഒടുവിൽ 2005 ൽ ഇരുവരുടേയും വിവാഹം നിശ്ചയിച്ചു. അതേ വർഷം ഏപ്രിൽ 8ന് സിവിൽ സെറിമണിയിൽ ഇരുവരും വിവാഹിതരായി. തമ്മിൽ കണ്ടുമുട്ടി 35 വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ സമാഗമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല