1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങ് വെസ്റ്റ്മിനിസ്റ്റർ ആബേയിൽ ശനിയാഴ്ച നടക്കും. പരമ്പരാഗതവും മതപരവുമായ ചടങ്ങുകൾക്കൊപ്പം ആഡംബരപൂർണമായ ഘോഷയാത്രയ്ക്കും ലണ്ടൻജനത സാക്ഷ്യംവഹിക്കും.

അമ്മ എലിസബത്ത് ദ്വിതീയ രാജ്ഞിയുടെ മരണശേഷം അധികാരമേറ്റെടുക്കുന്ന ചാൾസ്, യുകെയ്ക്കും മറ്റ് 14 മേഖലകൾക്കുമാണ് അധിപനാവുക. കിരീടധാരണത്തിനെത്തിയ ആദ്യ അതിഥി, പ്രശസ്ത സംഗീതജ്ഞൻ ലയണൽ റിച്ചിക്ക് ചാൾസ് മൂന്നാമൻ വിരുന്നൊരുക്കി. ചടങ്ങിൽ റിച്ചിയുടെ സംഗീതവിരുന്നുമുണ്ടാകും. ചുമതലയേറ്റതിനുശേഷം ചാൾസ് രാജാവ് ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ആയിരത്തിലധികംവർഷങ്ങളായി ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടധാരണച്ചടങ്ങ് നടക്കുന്ന ഇടമാണ് വെസ്റ്റ്മിനിസ്റ്റർ ആബേ. 38 പേരുടെ കിരീടധാരണമാണ് ഇതുവരെ ഇവിടെവെച്ച് നടന്നത്. ആയിരം വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാൾസ് സ്ഥാനാഭിഷിക്തനാകുന്ന ചടങ്ങിനു പ്രത്യേകതകളും ഏറെ.

70 വർഷം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് ചാൾസിന് രാജപദവി ലഭിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മകൻ ഹാരിയുടെ ഭാര്യ മേഗന്‍ ഇല്ലാതെ, ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് ചാൾസിന്റെ കിരീടധാരണം.

പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്ന ചാൾസ്, രാജവംശത്തിന്റെ ഭാവിക്കായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷ പലരും പങ്കുവയ്ക്കുന്നു. അമ്മയുടെ ജനപ്രീതി നേടിയെടുക്കാൻ ആയിട്ടില്ലെങ്കിലും കഴിഞ്ഞയാഴ്ച പുറത്തുവന്ന ജനാഭിപ്രായ സർവേയിൽ മുൻപുണ്ടായതിലും കൂടുതൽ പേർ പുതിയ രാജാവിന് അനുകൂല നിലപാടെടുത്തതായി കാണാം.

ചാൾസ് രാജാവിന്റെ കീരീടധാരണത്തോട് അനുബന്ധിച്ചു വിവിധ കർമ്മ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡലാണ് സമ്മാനിക്കുക. പൊലീസ് ഓഫിസർമാർ, ആംബുലൻസ് വർക്കർമാർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, മറ്റ് എമർജൻസി വർക്കർമാർ തുടങ്ങിയവർക്കാകും മെഡലുകൾ സമ്മാനിക്കുക.

കീരീടധാരണത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നുണ്ട്. പ്രധാന ചടങ്ങുകൾക്കെല്ലാം ബക്കിങ്ങ്ഹാം പാലസിനു മുന്നിൽ തടിച്ചുകൂടുന്ന ജനലക്ഷങ്ങളെ രാജകുടുംബാംഗങ്ങൾ ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്യുന്നൊരു കീഴ്‍വഴക്കമുണ്ട്. ഇവിടെ നിന്നാണു രാജകുടുംബാംഗങ്ങൾ ഫ്ലൈ പാസ്റ്റ് പരേഡും വീക്ഷിക്കുന്നത്. ഈ ചടങ്ങിന് ഇക്കുറി ആരെല്ലാം അണിനിരക്കും എന്നത് അഭ്യൂഹങ്ങൾ മാത്രമായി നിലനിൽക്കുന്നു.

രാജകുടുംബത്തോട് ഇടഞ്ഞു നിൽക്കുന്ന ഹാരി രാജകുമാരന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ഇക്കാര്യം എന്തായാലും ഇതുവരെ ബക്കിങ്ങ്ഹാം പാലസ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ഇത്തരം വിവരങ്ങൾ നേരത്തെതന്നെ പുറത്തുവിടാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായിട്ടില്ല. ഹാരിയുടെ സാന്നിധ്യമോ അസാന്നിധ്യമോ നേരത്തെ വാർത്തയാകേണ്ടതില്ല എന്നതു തന്നെയാകാം ഈ അനിശ്ചിതത്വം കാത്തുസൂക്ഷിക്കാൻ കാരണം.

എന്നാൽ, സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ജനങ്ങളുടെ കാര്യമാണ് ഇനി കണ്ട് അറിയിണ്ടേത്. ചാൾസിന് തൻ്റെ മുൻഗാമികളുടെ അത്ര ജനപ്രീതി ഇല്ലാത്തതാണ് ഇത്തരത്തിൽ ഒരു സംശയം ഉയരുന്നത്. അതിന് പുറമെ രാജ്യത്തെ നിലവിലുള്ള സാമ്പത്തിക സാഹചര്യവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.