1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2024

സ്വന്തം ലേഖകൻ: യുകെയിൽ കത്തിയാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 4 ജീവൻരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി NHS. NHS പറയുന്നത്, ലളിതമായ നാല് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം എന്നാണ്. ആദ്യം വേണ്ടത് സംഭവം നടന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വീണ്ടും കൂടുതല്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ സ്വയം അപകടത്തിലേക്ക് ചാടിലെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരയെ സമീപിക്കുക. അപ്പോള്‍ ലഭ്യമായ ഉചിതമായ വസ്തുകൊണ്ട് അവരുടെ മുറിവില്‍ മര്‍ദ്ദം ഏല്‍പിക്കുക. ഇത് രക്തസ്രാവം നിര്‍ത്താന്‍ ഉപകാരപ്പെടും.

ഇങ്ങനെ ചെയ്യുക വഴി രക്തം കട്ടപിടിക്കുകയും കൂടുതല്‍ രക്തം ശരീരത്തില്‍ നിന്ന് പുറത്ത് പോകാതിരിക്കുകയും ചെയ്യും. ചുരുങ്ങിയ പക്ഷം, രക്തമൊഴുക്കിന്റെ വേഗതയെങ്കിലും കുറയ്ക്കാന്‍ കഴിയും. പിന്നീട് 999 എന്ന നമ്പറില്‍ വിളിക്കുക. ആംബുലന്‍സ് എത്തുന്നതു വരെ മുറിവില്‍ മര്‍ദ്ദം ഏല്‍പ്പിച്ചു കൊണ്ടിരിക്കുക. നിങ്ങള്‍ക്ക് ഫോണ്‍ വിളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അതിനായി മറ്റുള്ളവരുടെ സഹാായം സ്വീകരിക്കുക എന്നും NHS പറയുന്നു.

ഈ നിര്‍ദ്ദേശത്തെ ശരി വയ്ക്കുന്നതാണ് റെഡ് ക്രോസിന്റെ നിലപാടും. അവര്‍ ഒരു കാര്യം കൂടി പറയുന്നുണ്ട്. മുറിവില്‍ എന്തെങ്കിലും ബാഹ്യ വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ശ്രമിക്കരുത് എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ അത് രക്തസ്രാവം വര്‍ദ്ധിപ്പിക്കും. അത്തരം വസ്തുക്കള്‍ നീക്കാതെ അവയ്ക്ക് ചുറ്റുമായി മര്‍ദ്ദം ഏല്‍പ്പിക്കുക. സാധാരണയായി ജാക്കറ്റോ അതുപോലുള്ളവയോ ഉപയോഗിച്ചായിരിക്കും മര്‍ദ്ദം അനുഭവപ്പെടുത്തി രക്തസ്രാവം തടയാന്‍ ശ്രമിക്കുക. അത്തരം വസ്തുക്കള്‍ അമിത രക്തസ്രാവത്തില്‍ കുതിരുകയാണെങ്കില്‍ അത് മാറ്റി പകരം മറ്റൊന്ന് ഉപയോഗിക്കണം എന്നും NHS പറയുന്നു.

ഒരിക്കലും മുറിവ് കഴുകാന്‍ ശ്രമിക്കരുത്. അത് രക്തമൊഴുക്ക് വര്‍ദ്ധിപ്പിച്ചേക്കം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും ഉണ്ടാകുന്ന ഭയം, പരിക്കേറ്റ വ്യക്തിയുടെ രക്തത്തില്‍ നിന്നും അണുബാധക്ക് ഇടയാകുമോ എന്നാണ്. എന്നാല്‍, നിങ്ങളുടെ ശരീരത്തില്‍ മുറിവില്ലാത്തിടത്തോളം കാലം അത്തരമൊരു ഭയം ആവശ്യമില്ലെന്നും NHS പറയുന്നു. എന്നിരുന്നാലും, ഒരു പ്ലാസ്റ്റിക് ബാഗോ ഗ്ലൗസോ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുന്നതില്‍ തെറ്റുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.