1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2018

സ്വന്തം ലേഖകന്‍: ലണ്ടനില്‍ കത്തിക്കുത്ത് പരമ്പര വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കൗമാരക്കാര്‍ക്ക് പരുക്ക്; ആള്‍ക്ഷാമവും പണമില്ലായ്മയും കാരണം വലഞ്ഞ് പോലീസ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹിന്‍ഗം ഹില്ലിലാണ് ആദ്യ കത്തിക്കുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനാലുകാരനാണ് ഇവിടെ പരിക്കേറ്റത്. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹീലിംഗ്ടണില്‍ മറ്റൊരു കൗമാരക്കാരനും കത്തിക്കുത്തേറ്റു. പോലീസ് ഉടന്‍ സ്ഥലത്തെത്തി എയര്‍ ആംബുലന്‍സ് വഴി ഇയാളെ ഹീലിംഗ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ ചിങ്‌ഫോര്‍ഡിലെ മൗണ്ട് റോഡില്‍ മറ്റൊരു പതിനഞ്ചുകാരനെ നെഞ്ചില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തി. കൂടാതെ അയിന്‍സ്‌ലെയ്‌വൂഡ് റോഡില്‍ മറ്റൊരു പതിനഞ്ചുകാരനെയും കുത്തേറ്റ നിലയില്‍ പോലീസ് ആശുപത്രിയിലെത്തിച്ചു.

ഇവരുടെ നില ഗുരുതരമല്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സംഭവങ്ങളില്‍ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കാര്യക്ഷമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പോലീസിനു വകയിരുത്തിയ വിഹിതത്തില്‍ നടത്തിയ വെട്ടിച്ചുരുക്കലുകളാണ് ലണ്ടന്‍ നഗരത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന മാരണമെന്ന് പോലീസ് കമ്മീഷണര്‍ ക്രസിഡ ഡിക്ക് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

2019 അവസാനമാകുമ്പോഴുക്കും കുറഞ്ഞത് അഞ്ഞൂറ് പോലീസ് ഓഫീസര്‍മാരെ അധികമായി നിയമിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം 37 പേര്‍ക്കാണ് ഇതുവരെ ലണ്ടന്‍ നഗരത്തില്‍ കത്തിക്കുത്തേറ്റത്. കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളാണ് 2018 ല്‍ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന കത്തി ആക്രമണങ്ങള്‍ കാല്‍നടക്കാര്‍ക്കിടയില്‍ ഭീതി പരത്തിയിരിക്കുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.