1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2019

സ്വന്തം ലേഖകന്‍: കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം കാനയിലേക്ക് തെന്നിയതിന്റെ കാരണം ഈഗോ! 18 മാസം മുമ്പ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തകരാറു സംഭവിച്ചതിനു കാരണം പ്രധാന പൈലറ്റിന്റെ ഈഗോയാണെന്ന് ദൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്നെക്കാള്‍ 30 വയസ് കുറഞ്ഞ സഹ പൈലറ്റായ വനിത അപകടം സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയിട്ടും പ്രധാന പൈലറ്റ് ഇത് അവഗണിച്ചെന്നാണ് അന്വേഷണത്തില്‍ വെളിവായത്. 2017 സെപ്റ്റംബര്‍ രണ്ടിനായിരുന്നു വിമാനം ടാക്‌സി വേയില്‍ നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രായ വ്യത്യാസമുള്ളവരെ പൈലറ്റും സഹപൈലറ്റുമാക്കരുതെന്ന് എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം.

തനിക്ക് റണ്‍വേ മാര്‍ക്കിങ്ങുകള്‍ കാണാന്‍ കഴിയുന്നില്ലെന്നും വേഗത കഴിയാവുന്നത്ര കുറയ്ക്കണമെന്നും സഹ പൈലറ്റ് പ്രധാന പൈലറ്റിനോടു പറഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ‘ഫോളോ മീ’ വാഹനം ആവശ്യപ്പെടാനും അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൈലറ്റിന്റെ ചുമതലയുള്ളയാള്‍ ഇത് അവഗണിക്കുകയായിരുന്നു.

ഇതുമാത്രമല്ല അപകടത്തിന്റെ കാരണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരിക്കുന്നു. ‘കനത്ത മഴയും ദൃശ്യത കുറഞ്ഞതും അപകടത്തിന് വഴിവെച്ചിരിക്കാം’ എന്നാണ് ഇവര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.