1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2017

സ്വന്തം ലേഖകന്‍: ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം 62,320പേര്‍ യാത്ര ചെയ്തപ്പോള്‍ 20.42 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. മെട്രോയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജനത്തിരക്കെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അവകാശപ്പെട്ടു.

പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ മെട്രോ സ്റ്റേഷനുകള്‍ക്കു മുന്നില്‍ ക്യൂ തുടങ്ങിയിരുന്നു. ആറു മണിക്ക് സ്റ്റേഷനുകള്‍ തുറന്നതോടെ പുറത്തെ ക്യൂ സ്റ്റേഷനുകള്‍ക്കുളളിലായി. ടിക്കറ്റ് കിട്ടിയവര്‍ പ്ലാറ്റ്‌ഫോമിലേക്ക് തിരക്കിട്ടോടി. യാത്ര തുടങ്ങിയപ്പോഴേക്കും കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് ജനം ആവേശം പ്രകടിപ്പിച്ചത്. ഇന്നലെ രാവിലെ ആറിന് ആലുവയില്‍നിന്നു പാലാരിവട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേ സമയമായിരുന്നു ആദ്യ സര്‍വീസ്. രാവിലെ അഞ്ചരയോടെ ടിക്കറ്റിനായുള്ള ക്യൂ പാലാരിവട്ടം സ്‌റ്റേഷന്‍ കവിഞ്ഞ് റോഡിലേക്കെത്തി.

കൊച്ചിക്കു പുറത്തുള്ളവരും മെട്രോയില്‍ കയറാന്‍ എത്തിയിരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ സഹായത്തിന് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് എടുക്കുന്നതു മുതല്‍ പലര്‍ക്കും ആശയക്കുഴപ്പമായിരുന്നു. കെ.എം.ആര്‍.എല്‍: എം.ഡി. ഏലിയാസ് ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ യാത്രാസൗകര്യങ്ങള്‍ വിലയിരുത്താനായി എത്തിയിരുന്നു. രാവിലെ ആറര വരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍ കൂടി തുറന്നു. പാലാരിവട്ടം സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ സാങ്കേതിക തടസം മൂലം ആദ്യ പത്തു മിനിറ്റ് ടിക്കറ്റ് വിതരണത്തില്‍ താമസമുണ്ടായി.

മെട്രോ സ്‌റ്റേഷനുകളിലെ ബഹുവര്‍ണ ചുവരുകള്‍ക്കു മുന്നില്‍നിന്നും കോച്ചിനുള്ളില്‍നിന്നും സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ചൂടോടെ പോസ്റ്റ് ഇടാനും ആളുകള്‍ തിരക്കുകൂട്ടി. തിരക്കു നിയന്ത്രിക്കാന്‍ പിങ്ക് പോലീസ് അടക്കം സജ്ജരായിരുന്നു. അതിനിടെ വിവാഹ വേഷത്തില്‍ മെട്രോയില്‍ കയറാനെത്തിയ നവദമ്പതികള്‍ മറ്റു യാത്രക്കാര്‍ക്ക് കൗതുകമായി. ആദ്യ ദിനത്തില്‍തന്നെ പിഴയായി കൈയ്യില്‍നിന്നു കാശ് പോയവരും ഏറെ. ടിക്കറ്റ് എടുത്ത ശേഷം സ്‌റ്റേഷന്റെ ഭംഗി കണ്ടുനിന്ന് നിശ്ചിത സമയത്തില്‍ കൂടുതല്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചവരും ഇറങ്ങേണ്ട സ്‌റ്റേഷന്‍ കഴിഞ്ഞു യാത്ര ചെയ്തവരുമാണ് കുടുങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.