1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2017

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി മെട്രോ ഓടിത്തുടങ്ങും.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. മെട്രോ യാത്രയ്ക്കിടയിലെ നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷയ്ക്ക് പുറമെ ആറ് മാസം മുതല്‍ നാല് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. മദ്യലഹരിയില്‍ യാത്ര ചെയ്യാതിരിക്കുക എന്നതാണ് മെട്രോയില്‍ പാലിക്കേണ്ട ആദ്യ നിയമം. മദ്യലഹരിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിഴ 500 രൂപയാണ്. നിലത്തിരുന്നുള്ള യാത്രയും യാത്രയ്ക്കിടെ സഹയാത്രികരെ ശല്യം ചെയ്യുന്നതും 500 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മെട്രോ ട്രെയിനിലും സ്‌റ്റേഷന്‍ പരിസരത്തും കുത്തിവരയ്ക്കുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് 1000 രൂപയാണ് പിഴ.

സ്‌റ്റേഷനിലും പരിസരത്തും ഭക്ഷണം കഴിക്കുന്നതും മറ്റും 500 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. സ്‌റ്റേഷനില്‍ നിന്നും പുറത്ത് പോകാന്‍ മെട്രോ അധികൃതര്‍ ആവശ്യപ്പെട്ട ശേഷവും അത് അനുസരിക്കാന്‍ വിസമ്മതിക്കുന്നവര്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. പിക്കറ്റ് ചെയ്‌തോ സിഗ്‌നല്‍ തകരാറിലാക്കിയോ മെട്രോ ട്രെയിന്‍ തടയുന്നവര്‍ക്ക് 2000 രൂപ പിഴ ലഭിക്കും.

മെട്രോ ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍ അടക്കം അപായകരമായ വസ്തുക്കള്‍ കൊണ്ടു പോകുന്നത് 5000 രൂപ പിഴയും നാല് വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പെടുത്തി. ഇതോടെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിനും അവസാനമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.