1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2017

സ്വന്തം ലേഖകന്‍: ഇന്നു മുതല്‍ കൊച്ചി ശരിക്കും ‘മെട്രോ’, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10.35 ന് എത്തുന്ന പ്രധാനമന്ത്രി അവിടെ തയാറാക്കിയ കവാടത്തില്‍ റിബണ്‍ മുറിച്ചശേഷം ട്രെയിനില്‍ കയറും. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് അദ്ദേഹം സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, നഗര വികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ ട്രെയിനില്‍ സഹയാത്രികരാകും.

ട്രെയിന്‍ യാത്രയ്ക്കുശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ. ശ്രീധരന്‍ എന്നിവര്‍ക്കുകൂടി ഇരിപ്പിടം ലഭിച്ചതോടെ ഉദ്ഘാടന വേദി സംബന്ധിച്ച വിവാദം അവസാനിച്ചു. വേദിയില്‍ ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ് എം.പി, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരുമുണ്ടാകും.

ഇന്നലെ മുതല്‍ കൊച്ചി നഗരം കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കൊച്ചി നാവിക വിമാനത്താവളം മുതല്‍ മെട്രോയില്‍ അദ്ദേഹം യാത്രചെയ്യുന്ന പത്തടിപ്പാലംവരെയുള്ള ഓരോ കെട്ടിടവും നിരീക്ഷണത്തിലാണ്. ഈ മേഖലയില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിങ്ങിനും നിരോധനമുണ്ട്. രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷയ്ക്കായി അണിനിരന്നിരിക്കുന്നത്.

മൂവായിരത്തോളം ക്ഷണിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മൊബൈല്‍ ഫോണുകള്‍ക്കും കാറിന്റെ റിമോട്ട് താക്കോലുകള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം പ്ലാസ്റ്റിക്, കടലാസ് ഗ്ലാസുകള്‍ മാത്രമേ ഉപയോഗിക്കാവു എന്നാണ് എസ്.പി.ജി നിര്‍ദേശം. പൊതുജനങ്ങള്‍ക്കായി തിങ്കളാഴ്ച രാവിലെ ആറു മുതല്‍ മെട്രോ ഓടിത്തുടങ്ങും. രാത്രി 10 വരെയാണ് സര്‍വീസ്. പ്രതിദിനം 219 ട്രിപ്പുകളുണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.