1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2017

സ്വന്തം ലേഖകന്‍: യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ഒമ്പതു ദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാകുന്നത്. പരീക്ഷണ ഓട്ടങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അവസാന മിനുക്കുപണികളുമായി തിരക്കിലാണ് മെട്രോ അധികൃതര്‍.

ടിക്കറ്റിങ് മുതല്‍ യാത്ര അവസാനിക്കുന്നതുവരെ യാത്രക്കാരെ ലക്ഷ്യമിട്ട് വിപുല സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമാണ് കെ.എം.ആര്‍.എല്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് എടുത്ത് സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതുമുതല്‍ മറ്റൊരു സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്നതുവരെ ടിക്കറ്റിന്റെ കാലാവധി 90 മിനിറ്റാണ്. എടുത്തശേഷം അര മണിക്കൂറിനകം യാത്ര ചെയ്തില്ലെങ്കില്‍ ടിക്കറ്റ് അസാധുവാകും. സ്ഥിരം യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്ന, ഏറെ സവിശേഷതകളുള്ള ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ പുറത്തിറക്കും.

കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ എല്ലാ സ്‌റ്റേഷനിലും റീചാര്‍ജ് കാര്‍ഡ് ടെര്‍മിനല്‍ മെഷീന്‍ (ആര്‍.സി.ടി.എം) സ്ഥാപിച്ചിട്ടുണ്ട്. ഏതു ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്കും ഈ സംവിധാനം വഴി കാര്‍ഡ് റീചാര്‍ജ് ചെയ്യാം. സ്‌റ്റേഷനുകളിലും ട്രെയിനിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങളും വീല്‍ചെയര്‍ സൗഹൃദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌റ്റേഷനുകളിലുടനീളം അന്ധര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന പ്രത്യേക പാതയും സജ്ജീകരിച്ചു.

ട്രെയിനില്‍നിന്ന് പെട്ടെന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ താല്‍ക്കാലിക ചവിട്ടുപടിയായി ഉപയോഗിക്കാവുന്ന പ്രത്യേക റാമ്പ് സീറ്റുകള്‍ക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ യാത്രക്കാര്‍ക്ക് എന്‍ജിന്‍ ഡ്രൈവറുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം, ആവശ്യമെങ്കില്‍ ട്രെയിന്‍ നിര്‍ത്താനുള്ള സംവിധാനം, സമീപ സ്‌റ്റേഷനുകളുമായുള്ള ട്രെയിനിന്റെ വൈദ്യുതിബന്ധം മുറിക്കുന്ന എമര്‍ജന്‍സി ഡ്രിപ് സംവിധാനം എന്നിവയുമുണ്ട്.

ജൂണ്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുന്നത്. ആലുവയില്‍നിന്നു പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോ മൂന്നോ മാസത്തിനു ശേഷം എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ മെട്രോ ഓടിയെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.