1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2023

സ്വന്തം ലേഖകൻ: അരങ്ങിൽ ചിരിയുടെ നർമനിമിഷങ്ങൾ സമ്മാനിച്ച കലാകാരനു കണ്ണീരോടെ വിടനൽകി കലാകേരളം. വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ ആയിരക്കണക്കിന് ആളുകൾ സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യ രേഷ്മയുടെ സ്വദേശമാണ് കോട്ടയം. ഇന്നു രാവിലെയാണ് സുധിയുടെ മൃതദേഹം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിച്ചത്. പിന്നീട് പൊങ്ങന്താനം യുപി സ്കൂളിലും തുടർന്ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചു.

അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപ്പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെനിന്ന് ഒന്നേമുക്കാലോടെയാണ് സംസ്കാരത്തിനായി മൃതദേഹം തോട്ടയ്ക്കാട്ടുള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി (47), ഉല്ലാസ് അരൂർ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ ‘കാന്താരി’ (2015) ആണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ (2016), ‘കുട്ടനാടൻ മാർപാപ്പ’ (2018), ‘കേശു ഈ വീടിന്റെ നാഥൻ’ (2020), ‘ബിഗ് ബ്രദർ’ (2020), ‘നിഴൽ’ (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങൾ.

അതിനിടെ കൊല്ലം സുധിക്ക് അന്ത്യോപചാരമർപ്പിച്ച് സഹപ്രവർത്തകർ. സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ മൃതദേഹം പൊതുദർശനത്തിനുവെച്ച കാക്കനാട് എത്തി. സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി ഹൈബി ഈഡൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു. സഹപ്രവർത്തകരിൽ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. പൊതുദർശനത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

കൊല്ലം സുധിയുടെ കുടുംബത്തിന് കൈതാങ്ങാവുകയാണ് ഫ്ളവേഴ്സ് ചാനൽ. നടന്റെ കുടുംബത്തിനു സഹായമായി വീടും, കുട്ടികളുടെ പഠന ചെലവും ചാനൽ നെറ്റ് വർക്ക് ഏറ്റെടുക്കുമെന്ന് ശ്രീ കണ്ഠൻ നായർ പറഞ്ഞു. ഫ്ളവേഴ്സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് സുധിയ്ക്ക് അപകടമുണ്ടായത്. സുധി തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എന്നും തങ്ങളുണ്ടാകുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.