1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’. ചരിത്ര പ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗമായിരുന്നു; കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തര കൊറിയയുടെ ആഭ്യന്തര ചടങ്ങുകളില്‍ മാത്രമാണ്. മാത്രമല്ല, ആദ്യമായി പുറംലോകത്തേക്കു തല്‍സമയ സംപ്രേഷണം നടത്തിയ പ്രസംഗവും ഇതായിരുന്നു.

‘ഇവിടെ നില്‍ക്കുമ്പോള്‍ എനിക്കു കാണാം, രണ്ടു കൊറിയകളിലെയും ജനങ്ങള്‍ ഒന്നുതന്നെയാണ്, അവരെ വേര്‍പിരിക്കാനാകില്ല… നമ്മള്‍ ഒന്നാണ്, നമ്മള്‍ ഐക്യത്തോടെ കഴിയണം. സമീപഭാവിയില്‍ തന്നെ നമുക്ക് ഏറ്റവും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം,’ കിം പറഞ്ഞു. പോങ്യാങ്ങില്‍നിന്നു പന്‍മുന്‍ജോങ്ങിലേക്കു താന്‍ വന്ന വഴി രണ്ടു രാജ്യങ്ങളിലെയും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാവിലെ ഒന്നര മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം കിം ജോങ് ഉന്നും മൂണ്‍ ജേ ഇന്നും ഉച്ചഭക്ഷണത്തിനായി പോയത് അവരവരുടെ രാജ്യങ്ങളിലേക്ക്. പന്‍മുന്‍ജോങ്ങിലെ സൈനികമുക്ത പ്രദേശത്തെ സമാധാന കേന്ദ്രത്തില്‍ ഉത്തര കൊറിയയുടെ ഭാഗത്തു കിമ്മും സംഘവും ദക്ഷിണ കൊറിയന്‍ ഭാഗത്തു മൂണും സംഘവും ഉച്ചഭക്ഷണം കഴിച്ചു.

അതിനുശേഷം കിമ്മും മൂണും ചേര്‍ന്ന് അതിര്‍ത്തിയില്‍ പൈന്‍ മരത്തൈ നടുകയും സ്മാരകഫലകം അനാവരണം ചെയ്യുകയും ചെയ്തു. പിന്നീട്, ഇരുനേതാക്കളും സഹായികളെ ഒഴിവാക്കി സ്വകാര്യമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ പൂന്തോട്ടത്തിലൂടെ നടന്നും തടിപ്പാലത്തിലെ കസേരകളില്‍ ഇരുന്നുമായിരുന്നു ചര്‍ച്ച. ഇതിനു ശേഷമാണു സംയുക്ത പ്രസ്താവനയും പത്രസമ്മേളനവുമുണ്ടായത്. രാത്രി ദക്ഷിണകൊറിയ ഒരുക്കിയ അത്താഴവിരുന്നില്‍ ഇരുനേതാക്കളും കുടുംബവും പങ്കെടുത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.