
സ്വന്തം ലേഖകൻ: യുഎസിൽ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി മലയാളിയായ മൈക്കല്‍ കുരുവിള ചുമതലയേറ്റു. ആദ്യമായാണ് ഒരു മലയാളി അമേരിക്കയിലെ ഒരു നഗരത്തിന്‍റെ പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മൈക്കല്‍ കുരുവിള അമേരിക്കന്‍ പോലീസിലെ അംഗമാണ്. ഇദ്ദേഹത്തിന്‍റെ സത്യസന്ധമായ സേവനത്തില്‍ അടിസ്ഥാനത്തിലാണ് ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായി തെരെഞ്ഞടുത്തത്.
സോഷ്യല്‍വര്‍ക്കിലെ പഠനവും പ്രവര്‍ത്തന പരിചയവും ആണ് ഇദ്ദേഹത്തിന് പുതിയ ചുമതലക്ക് കയറാന്‍ തുണയായത്. 38കാരനായ മൈക്കല്‍ കുരുവിള കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെപ്യൂട്ടി പൊലീസ് ചീഫായി ജോലി ചെയ്യുകയാണ്. പൊതുജനത്തെ സംരക്ഷിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷിക്കാഗോയിലാണ് മൈക്കല്‍ കുരുവിള ജനിച്ചത്. എന്നാല്‍ മലയാളിയായിട്ട് തന്നെയാണ് വളര്‍ന്നത്. കോട്ടയം സ്വദേശികളാണ് ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍. ഭാര്യയും മലയാളിയാണ്. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്കുള്ള ‘പൊലീസ് അണ്ടര്‍ 40’ അവര്‍ഡ് ജേതാക്കളിലൊരാളായി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് ചീഫ്‍സ് ആണ് തെരെഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് പോലുള്ള വന്‍നഗരങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ മുമ്പും എത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഒരു നഗരത്തിന്റെ പൊലീസ് മേധാവിയായി ഒരു മലയാളി എത്തുന്നത് ഇതാദ്യമായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല