1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി വർധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കൊഴിക്കൊട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൂടാതെ പൈലറ്റും കൊപൈലറ്റും മരണപ്പെട്ടു. ഇവരുടെ മൃതദേഹം എയർ ഇന്ത്യ ഏറ്റുവാങ്ങി.

16 ആശുപത്രികളിലായി 149 പേർ ചികിത്സയിലാണ്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേർ ഡിസ്ചാർജ് ചെയ്തു.

അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട്, തെലങ്കാന സ്വദേശികളുമുണ്ട്. മരിച്ച ഒരാൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കൺട്രോൾ റൂം നമ്പർ: 0495 2376901 ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിക്കേറ്റവർക്ക് താൽപര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകും. ചികിത്സയിലുള്ള മുഴുവൻ പേരുടെയും ചെലവ് സംസ്ഥാനം വഹിക്കും. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. കൊഴിക്കൊട് മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഗവർണറും മുഖ്യമന്ത്രിയും ഡി.ജി.പിയും സന്ദർശിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ വിമാനാപകടത്തിൽ 18 പേരാണ് മരിച്ചത്. 23പേർ വീട്ടിലേക്ക് മടങ്ങിയെന്നും മലപ്പുറം ജില്ല കലക്ടർ അറിയിച്ചു.

മരിച്ചവരുടെ വിവരങ്ങൾ: പാലക്കാട്​ സ്വദേശി വി.പി മുഹമ്മദ്​ റിയാസ്​ (24), തിരൂർ തെക്കൻ കുറ്റൂർ സെയ്​ദുട്ടിയുടെ മകൻ ഷഹീർ സെയ്​ദ്​ (38), നിറമരുതൂർ മരക്കാട്ട്​ ശാന്ത (59), എടപ്പാൾ കോലളമ്പ്​ സ്വദേശി ലൈലാബി (51), കോഴിക്കോട്​ ചെരക്കാപ്പറമ്പിൽ രാജീവൻ (61), കോഴിക്കോട് നാദാപുരം​ സ്വദേശി മനാൽ അഹമ്മദ് (25)​, കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35),

ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ചേരിക്കാപറമ്പിൽ രാജീവൻ (61), വളാഞ്ചേരി കുളമംഗലം വാരിയത്ത്​ സുധീർ (45), കോഴിക്കോട്​ കുന്നോത്ത്​ ജാനകി (55), കോഴിക്കോട് സ്വദേശി​ അസം മുഹമ്മദ്​ (1), മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (2), കോഴിക്കോട്​ സ്വദേശി രമ്യ മുരളീധരൻ (32), പാലക്കാട്​ സ്വദേശി​ ആയിഷ ദുഅ (2), കോഴിക്കോട് സ്വദേശി​​ ശിവാത്​മിക(5), കോഴിക്കോട്​ സ്വദേശി​ ഷാഹിറ ഭാനു (29), പൈലറ്റ്​ ദീപക്​ ബസന്ത്​ സാറെ, ​സഹ പൈലറ്റ്​ അഖിലേഷ്​ കുമാർ.

16 മണിക്കൂറിന് ശേഷം കോഴിക്കോട്​ വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ ​സർവിസ്​ പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് രാത്രിയോടെ സർവ്വീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.