1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മാളില്‍ വച്ച് യുവനടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളിലെത്തിയതായിരുന്നു നടിയും മറ്റ് താരങ്ങളും. ആള്‍ക്കുട്ടത്തിനിടയില്‍ നിന്നായിരുന്നു അതിക്രമമുണ്ടായത്.

തന്റെ ഒപ്പമുണ്ടായിരുന്ന നടിക്കെതിരെയും സമാന രീതിയില്‍ അതിക്രമം നടന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സഹപ്രവര്‍ത്തക പ്രതികരിച്ചതായും നടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിപ്പാണ് അനുഭവപ്പെട്ടതെന്നും നടി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്ന ഒരാൾ എന്ന കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളരാണോ നമ്മുടെ ചുറ്റുമുള്ളവർ.

പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നുമുണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്നുണ്ടായത്. എന്റെ കൂടെയുണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവർ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരുനിമിഷം ഞാൻ മരവിച്ചുപോയി. ആ മരവിപ്പിൽ നിന്നുകൊണ്ട് ചോദിക്കുകയാണ് തീർന്നോ നിന്റെ ഒക്കെ അസുഖം,“ നടിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതേസമയം സിനിമാ പ്രചാരണത്തിനെത്തി തിരിച്ചുപോകവേ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അതിക്രമം നേരിട്ട സംഭവം വലിയ വിവാദമായിരിക്കുകയാണ്. സിനിമയില്‍ അഭിനയിച്ച രണ്ട് നടിമാര്‍ക്കും സമാനമായ അനുഭവം ഉണ്ടായപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് സംഭവ സ്ഥലത്ത് വച്ച് പ്രതികരിക്കാനായത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടനവധിപേരാണ് സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഇതില്‍ ഒരു നടി ആക്രമിച്ചയാളെ തിരിച്ച് തല്ലുകയും ചെയ്തിരുന്നു. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം ഇതുസംബന്ധിച്ച് നടത്തുമെന്നും സി.സി.ടി.വി. അടക്കമുള്ളവ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

അതേ സമയം സംഭവത്തില്‍ പോലീസ് കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങി. പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിര്‍മാതാക്കള്‍ ഇ-മെയില്‍ വഴി പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരനുഭവം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.