1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം പ്രാബല്യത്തിൽ വരും. നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ വർധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് പൂർണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് വർധന.

വൈദ്യുതി ചാർജ് യൂണിറ്റിന് 41 പൈസ വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുൻപ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ വ്യവസായ കണക്ഷൻ ഗുണഭോക്താക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്.

വർധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം. കേസ് തീർപ്പായതോടെ നിരക്ക് വർധനയ്ക്ക് വേണ്ടിയുള്ള ബോർഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച പരിഗണിക്കും.

റവന്യു കമ്മി മുഴുവൻ ഈടാക്കാൻ അനുവദിക്കുന്ന രീതിയിൽ നിരക്ക് വർധന നടപ്പാക്കാൻ ബോർഡിനെ റെഗുലേറ്ററി കമ്മീഷൻ അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വർധിപ്പിക്കാൻ അനുമതി ഉണ്ടാകില്ല. എന്നാൽ 20 പൈസയ്ക്ക് മുകളിലുള്ള വർധന ഉറപ്പാണ്.

അടുത്ത നാല് വർഷവും നിരക്ക് വർധന നടപ്പാക്കി 1900 കോടിയുടെ ബാധ്യത തീർക്കാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതിൽ പെൻഷൻ ഫണ്ടിലേക്കുള്ള 407 കോടി ഈടാക്കാനുള്ള ബോർഡിന്റെ നീക്കം നടക്കില്ല. ഇത് കുറച്ചുള്ള തുകയാകും വരും വർഷങ്ങളിലും വൈദ്യുതി ചാർജ് കൂട്ടി പിരിച്ചെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.