1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്താന്‍ മിലിട്ടറിയുടെ പി.ആര്‍.ഒ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യവിരുദ്ധ നീക്കം നടത്തിയതിനും ബലൂചിസ്ഥാനില്‍ അക്രമത്തിന് പ്രേരണ നല്‍കിയതിനും കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചതായി പാക് മിലിട്ടറി വ്യക്തമാക്കി.

പാകിസ്താന്‍ ആര്‍മി ആക്റ്റ് പ്രകാരം കോര്‍ട്ട് മാര്‍ഷലിനാണ് കുല്‍ഭൂഷനെ വിധേയനാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്താനും ബലൂചിസ്ഥാനില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനും റോ തന്നെ നിയമിച്ചതായി കുല്‍ഭൂഷന്‍ കുറ്റസമ്മതം നടത്തിയെന്ന് പാക് മിലിട്ടറി അവകാശപ്പെട്ടു. കുല്‍ഭൂഷന്റെ കുറ്റസമ്മത വീഡിയോ എന്ന പേരില്‍ ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് കുല്‍ഭൂഷന്‍ പാകിസ്താനില്‍ പിടിയിലായത്. റോ ഏജന്റെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 46 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവന്ന ആരോപണവും കുല്‍ഭൂഷനെതിരെ പാകിസ്താന്‍ ഉന്നയിച്ചു.

അതേസമയം പാകിസ്താന്റെ ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ കുല്‍ഭൂഷനുമായി ഇന്ത്യന്‍ ഗവണ്‍മെന്റിന് ബന്ധമില്ലെന്ന് വ്യക്തമാക്കി. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ സെക്രട്ടറി പ്രതിഷേധം അറിയിക്കുകയും ചെയ്തു. കുല്‍ഭൂഷന്റെ വധശിക്ഷ അപഹാസ്യമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ ഇത് സാമാന്യ നീതിയുടെ ലംഘനമാണെന്നും വിചാരണയെക്കുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനെ പോലും അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.