1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാകിസ്താന്‍, ഇന്ത്യ കടുത്ത നടപടികളിലേക്ക്, പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവക്കും. ‘ഇന്ത്യന്‍ ചാരന്‍’ എന്നാരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ ഇളവുതേടി അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്ക് വിദേശകാര്യ സെക്രട്ടറി ടെഹ്മിനാ ജാന്‍ജുവയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ജാദവിനെതിരായ കുറ്റപത്രത്തിന്റെ രണ്ടു പകര്‍പ്പുകളും ജാദവിനെതിരായ വിധിയുടെ പകര്‍പ്പും നല്‍കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അനുമതി നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ഗൗകം ബംബാവാലെ ആവശ്യപ്പെട്ടു. മുന്‍പ്, 13 തവണ ഇതേ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം അവര്‍ തള്ളുകയായിരുന്നു. എന്നാല്‍, ഇത്തവണയും ഇന്ത്യയുെട ആവശ്യം പാക്ക് വിദേശകാര്യ സെക്രട്ടറി തള്ളിയതായാണ് സൂചന. ചാരപ്രവര്‍ത്തിക്ക് പിടിയിലായ ആളെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി.

ജാദവിനു നീതി ഉറപ്പാക്കുന്നതുവരെ പാക്കിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഈ വിഷയത്തില്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ജാദവിന്റെ കാര്യത്തില്‍ എല്ലാവിധ മര്യാദകളും പാക്കിസ്ഥാന്‍ മറന്നു പ്രവര്‍ത്തിച്ചതായാണ് ഇന്ത്യയുടെ ആരോപണം. ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് പിന്തുണയോടെ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി മുടങ്ങിക്കിടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായി.

ബലൂചിസ്ഥാനില്‍നിന്നു പിടികൂടിയ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷണ്‍ ജാദവിനെ, ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി രാജ്യദ്രോഹത്തിനാണു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു കുല്‍ഭൂഷണ്‍ ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.