1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2017

സ്വന്തം ലേഖകന്‍: വടക്കന്‍ ഇറാഖില്‍ സ്വന്തന്ത്ര കുര്‍ദ് രാഷ്ട്രത്തിന് അരങ്ങൊരുങ്ങുന്നു, കുര്‍ദ് ഹിതപരിശോധനയ്ക്ക് ആവേശകരമായ പ്രതികരണം. ഇറാഖിലെ കുര്‍ദ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷവും സ്വയംനിര്‍ണയത്തിന് അനുകൂലമായി വോട്ടു ചെയ്തതായി സൂചനകള്‍ പുറത്തു വന്നതോടെ യുദ്ധക്കെടുതിയിലുള്ള മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇറാഖ് സര്‍ക്കാര്‍ അസാധുവാക്കുകയും യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളും വിവിധ രാഷ്ട്രങ്ങളും തള്ളിപ്പറയുകയും ചെയ്തിട്ടും 40 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം ജനവിധി രേഖപ്പെടുത്തിയത്.

കുര്‍ദിസ്താന്‍ എന്ന പേരില്‍ സ്വതന്ത്രരാജ്യത്തിന് അനുകൂലമായാണ് 90 ശതമാനത്തിലേറെ പേരും വോട്ടു ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അന്തിമഫലം പുറത്തു വന്നിട്ടില്ലെങ്കിലും കുര്‍ദുകളുടെ തീരുമാനം പ്രതികൂലമാകും എന്ന് ഊഹിച്ച ഇറാഖ് സര്‍ക്കാര്‍ ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ സ്വയംനിര്‍ണയാവകാശം സംബന്ധിച്ച ഒരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഫലം ഔദ്യോഗികമായി പുറത്തുവന്നശേഷം ഇറാഖ് സര്‍ക്കാറുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അനുകൂല നീക്കമാണ് പ്രതീക്ഷിക്കുന്നതെന്നും കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി പറഞ്ഞു.

ഇറാഖിന്റെ എണ്ണസമ്പത്തിന്റെ വലിയ പങ്കും സ്വന്തമായുള്ള കുര്‍ദ് മേഖല സ്വതന്ത്ര രാജ്യം എന്ന ആവശ്യ ഉന്നയിക്കുന്നത് അയല്‍ രാജ്യങ്ങളിലെ കുര്‍ദുകളും സ്വാതന്ത്ര്യവാദവുമായി രംഗത്തെത്തുഎന്ന് ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍ദ് സാന്നിധ്യമുള്ള രാജ്യങ്ങളായ ഇറാനും തുര്‍ക്കിയും അതിര്‍ത്തി മേഖലകളില്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കുര്‍ദ് സാന്നിധ്യമുള്ള രാജ്യങ്ങളിലൊന്നായ തുര്‍ക്കിയില്‍ 1.4 കോടി കുര്‍ദുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.