
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യ റമദാന് അവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം കര്‍ഫ്യ സമയത്തില്‍ മാറ്റമില്ല. രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യ സമയം.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏപ്രില്‍ 22 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാഗിക കര്‍ഫ്യു റമദാന് അവസാനം വരെയും നീട്ടുന്നതിന് തീരുമാനിച്ചത്.
അതേസമയം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ സമയമെങ്കിലും രാത്രി പത്തു മണി വരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടക്കാന്‍ പ്രത്യേക അനുമതിയുണ്ടായിരിക്കും. ഷോപ്പിങ് അപ്പോയിന്റ്മെന്റ് രാത്രി ഏഴു മുതല്‍ 12 വരെയും, റസ്റ്റോറന്റ് ഭക്ഷണ ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയും അനുവദിക്കുന്നതാണ്.
രാജ്യത്ത് എല്ലാ പ്രധാന ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് അൽ സബാഹ് മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.അഹമ്മദ് അൽ ശത്തി വ്യക്തമാക്കി. പ്രധാന ആശുപത്രികളിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിരിക്കും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണമുള്ളവരുടെ ചികിത്സയും കോവിഡ് ബാധിച്ചവരുടെ തുടർചികിത്സയും ഈ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാകും.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സാംക്രമിക രോഗ വിഭാഗത്തിലെ വിദഗ്ധസംഘം ഓരോ ദിവസവും രോഗബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റമസാൻ തുടങ്ങിയതോടെ കൂടിച്ചേരലുകൾ വഴിയുള്ള രോഗവ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് പടരുന്നതായി കാണുന്നുവെന്നും അവർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല