1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ബാങ്കിങ് മേഖലയില്‍ അക്കൗണ്ടന്റുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ അക്കൗണ്ടന്റുമാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 700 ലധികം നിയമന അഭ്യര്‍ഥനകള്‍ സിവില്‍ സര്‍വീസ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. അക്കൗണ്ടന്‍സി വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സ്‌കോളര്‍ഷിപ്പ് നല്‍കി സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അക്കൗണ്ടിംഗ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് താത്കാലികമായി നിര്‍ത്തിവെച്ചത് ഈ തസ്തികയില്‍ ജീവനക്കാരുടെ എണ്ണത്തിന് കാര്യമായ കുറവിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘വിതരണവും ഡിമാന്‍ഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ താത്കാലികമായി നിര്‍ത്തുന്നത് ശരിയായ തീരുമാനമായിരിക്കാം. എന്നാല്‍, ധാരാളം നിയമന അഭ്യര്‍ഥനകളുടെ വെളിച്ചത്തില്‍, ആവശ്യങ്ങള്‍ക്ക് അനുസൃതമായി സ്‌കോളര്‍ഷിപ്പുകള്‍ പുനഃരാരംഭിക്കേണ്ടത് സിവില്‍ സര്‍വീസ് കമ്മിഷന് അനിവാര്യമായി മാറി.

വിതരണത്തിലും ഡിമാന്‍ഡിലുമുള്ള വലിയ വിടവ് കാരണം കുവൈത്ത് ലേബര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ആദ്യം പ്രൊകാപ്പിറ്റ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. കൊറോണവൈറസ് മഹാമാരിയാണ് ഇതിന് ഒരു കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കുവൈത്തിലെ തൊഴില്‍ വിപണിയിലെ 59.7 ശതമാനം ആയിരുന്ന പ്രവര്‍ത്തനശേഷിയുടെ അഭാവം ഉള്‍പ്പെടെ വലിയ വെല്ലുവിളികള്‍ നേരിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. തൊഴില്‍ വിപണിയിലെ ഘടനാപരമായ അസന്തുലിതാവസ്ഥ കാരണം വേതനവും ആനുകൂല്യങ്ങളും തമ്മില്‍ 31.3 ശതമാനം വ്യത്യാസം ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.