1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഫാസ്റ്റ് ഫുഡിന് നിരോധനം. രാജ്യത്തെ സ്‌കൂളുകളില്‍ ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറി ഡോ. ഗാനിം അല്‍ സുലൈമാനി മെമ്മോ നല്‍കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും ജനറല്‍ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ ഭക്ഷണ നിലവാരത്തിനായുള്ള നിയന്ത്രണം നടപ്പിലാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങളില്‍ പലതും പോഷക ഗുണങ്ങള്‍ ഇല്ലാത്തതും വലിയ അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയതാണെന്നും ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും മെമ്മോയില്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും മെമ്മോ കൈമാറിയിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഡെലിവറി കമ്പനികള്‍ സ്‌കൂളുകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയും അല്‍ സുലൈമാനി ഊന്നിപ്പറഞ്ഞു.

അതിനിടെ, രാജ്യത്ത് മയക്കു മരുന്ന് ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ അതിനെതിരായ ബോധവല്‍ക്കരണ കാമ്പയിന് അധികൃതര്‍ തുടക്കും കുറിച്ചു. സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ ജുവനൈല്‍സ് കെയര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സോഷ്യല്‍ ആന്‍ഡ് സൈക്കോളജിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് മയക്കുമരുന്നിന്റെ അപകടങ്ങളെയും യുവാക്കളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്.

നിരോധിത ലഹരിവസ്തുക്കളുടെ അപകടങ്ങളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കേണ്ടത് ആവശ്യമാണെന്ന് ജുവനൈല്‍സ് കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ജാസിം അല്‍ കന്ദരി പറഞ്ഞു. സാമൂഹിക, മനഃശാസ്ത്ര സേവന വകുപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു വരുന്നതായും മൂന്ന് വിദ്യാഭ്യാസ മേഖലകളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ മികച്ച പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണവും നിരുപാധികവുമായ പിന്തുണ നല്‍കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ അദ്വാനി പറഞ്ഞു. ഭാവി നേതാക്കളായി അവരെ വാര്‍ത്തെടുക്കുന്നതിന് അത്തരം പിന്തുണ നിര്‍ണായകമാണെന്ന് അദ്ദേഹം അടിവരയിട്ടു. അടുത്തിടെ പാന്‍ അറബ് മത്സരത്തില്‍ ഉന്നത ബഹുമതികള്‍ നേടിയ കുവൈത്ത് വിദ്യാര്‍ത്ഥി ഇബ്രാഹിം അല്‍ സൗലയെ പ്രശംസിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമര്‍ശം. ഒരു വലിയ വേദിയില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ഇത്തരമൊരു അംഗീകാരം നേടിയതില്‍ അഭിമാനിക്കുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.