സ്വന്തം ലേഖകൻ: രാജ്യത്ത് ബയോമെട്രിക്സ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയ പരിധിയിൽ ഒരുമാസം കഴിഞ്ഞു. മാർച്ച് ഒന്നു മുതൽ മൂന്ന് മാസമാണ് പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നൽകിയ സമയം. ജൂൺ ഒന്നു മുതൽ എല്ലാവരും നടപടികൾ പൂർത്തിയാക്കണം.
തുടർന്ന് ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കും. അതേസമയം, സമയപരിധിയിൽ ഒരു മാസം പിന്നിടുമ്പോഴും നിരവധി പേർ ഇനിയും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. ആളുകൾ കൂട്ടത്തോടെ രജിസ്ട്രേഷന് നടപടികൾ ആരംഭിച്ചതോടെ അപ്പോയന്റ്മെന്റുകൾ ലഭിക്കാനും രജിസ്ട്രേഷന് കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മെറ്റ വെബ്സൈറ്റ് വഴിയോ സഹല്‍ ആപ് വഴിയോ ബയോമെട്രിക് വിരലടയാളത്തിനായി ബുക്ക് ചെയ്യാം. എന്നാൽ, ദിവസങ്ങള്‍ കാത്തിരുന്നിട്ടും അപ്പോയന്റ്മെന്റ് ലഭിക്കാത്തവരും ഉണ്ട്. പ്രവാസികൾക്ക് അലി സബാഹ് അൽ സേലം, ജഹ്റ എന്നിവിടങ്ങളിൽ എത്തി ബയോമെട്രിക്സ് രജിസ്ട്രേഷന് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
അവന്യൂസ് മാൾ, 360 മാൾ, അൽ കൂത്ത് മാൾ, കാപിറ്റൽ മാൾ, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലും രജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കുവൈത്തിൽ നിന്ന് പുറത്തു പോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. എന്നാല്‍, രാജ്യത്തേക്ക് തിരികെ വരുമ്പോൾ നിർബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല