1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ ബാങ്കുകള്‍ക്കെതിരായ ഉപഭോക്താക്കളുടെ പരാതികളും അപ്പീലുകളും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പുതിയ പോര്‍ട്ടലുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്. ഉപഭോക്താക്കളുടെ വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇനി മുതല്‍ പരാതിയുമായി ഉപഭോക്താക്കള്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് വരേണ്ടതില്ലെന്നും പകരം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

പ്രാദേശിക ബാങ്കുകള്‍ വ്യക്തികളുടെ പരാതികള്‍ സ്വീകരിക്കാതിരിക്കുകയോ നല്‍കിയ പരാതികളില്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലം പ്രതികരണം അറിയിക്കുകയോ ചെയ്തില്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ വെബ്സൈറ്റ് വഴി പരാതിപ്പെടാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ ലഭ്യമായ ഫോറത്തില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം അത് സബ്മിറ്റ് ചെയ്താല്‍ മതിയാവും.

പ്രാദേശിക ബാങ്കിന്റെ പ്രതികരണത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍, അതിനെതിരേ സെന്‍ട്രല്‍ ബാങ്കില്‍ അപ്പീല്‍ നല്‍കാനും പോര്‍ട്ടലില്‍ സംവിധാനമുണ്ട്. അതേസമയം, അപ്പീല്‍ നല്‍കുന്നപോള്‍ അതുമായി ബന്ധപ്പെട്ട് ബാങ്കിന് നല്‍കിയതും ബാങ്കില്‍ നിന്ന് ലഭിച്ചതുമായ രേഖകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രാദേശിക ബാങ്കുകള്‍ക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവയുടെ ഓഫീസില്‍ നേരിട്ടോ അവയുടെ വെബ്സൈറ്റ് വഴിയോ അത് സമര്‍പ്പിക്കുകയാണ് ആദ്യപടി. ഇങ്ങനെ ബാങ്കിന് ഒരു പരാതി ലഭിച്ചുകഴിഞ്ഞാല്‍, ബാങ്ക് ഉപഭോക്താവിന് പരാതിയുടെ തീയതി രേഖപ്പെടുത്തിയ പകര്‍പ്പും രസീതും നല്‍കണം. കൂടാതെ പരാതി സമര്‍പ്പിച്ച് 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലമുള്ള പ്രതികരണവും ബാങ്കുകള്‍ നല്‍കണം.

പരാതികല്‍ രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴിയോ ഇലക്ട്രോണിക് മെയില്‍ വഴിയോ ലഭിക്കുന്നതെങ്കില്‍, അതേ ചാനലിലൂടെ ബാങ്ക് ഉപഭോക്താവിനെ രേഖാമൂലം അറിയിക്കണം. അല്ലെങ്കില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ ഫോണ്‍ നമ്പറിലേക്ക് എസ്എംഎസ്സായി ഇക്കാര്യം അറിയിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ പാലിച്ചില്ലെങ്കില്‍ ആ ബാങ്കുകള്‍ക്കെതിരേ അപ്പീലുമായി സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കാവുന്നതാണ്. പരാതികളോ അപ്പീലുകളോ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.