
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിൽ. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെന്റ് ഇല്ലാത്തതുമാണ് കാരണം.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, വാണിജ്യ-വ്യവസായം, നീതിന്യായം, വിദ്യാഭ്യാസ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ പാതിവഴിയിലാണ്. തൊഴിലാളികളുടെ അഭാവം കാരണം പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകുന്നില്ല.
നിശ്ചിത സമയത്ത് പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ പിഴ അടക്കേണ്ടിവരും. ഈ സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പല കമ്പനികളും പല കമ്പനികളിലും തൊഴിലാളികളുടെ എണ്ണത്തിൽ 50%വരെ കുറവുണ്ടായതായാണ് കണക്ക്. ചില പദ്ധതികളുടെ പൂർത്തീകരണ നിരക്ക് നിശ്ചിത തോതിന്റെ 10% പോലും ആയിട്ടില്ല. റിക്രൂട്മെന്റ് നടക്കാത്തതിനൊപ്പം കർഫ്യു കാരണം തൊഴിലാളികളുടെ നീക്കം അവതാളത്തിലാകുന്ന അവസ്ഥയുമുണ്ട്.
കോവിഡിന്റെ തുടക്കത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതിയ സാഹചര്യത്തിൽ പരിഹാരനടപടികൾ കണ്ടെത്തണമെന്ന ആവശ്യമാണ് കമ്പനികൾക്കുള്ളത്. വിവിധ തലങ്ങളിൽ കൂടിയാലോചനയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല