
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കി കുവൈത്ത് പതിയെ സാധാരണ ജീവിതത്തിലേക്ക്. നടന്നടുക്കുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിലേക്ക് ചൊവ്വാഴ്ച രാജ്യം പ്രവേശിച്ചു.പൊതുഗതാഗത സംവിധാനമായ ബസ് സർവിസ് ആരംഭിച്ചതാണ് പ്രധാന മാറ്റം. ഇതോടൊപ്പം സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ, തയ്യൽക്കടകൾ, വർക്ക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ് എന്നിവ തുറക്കുന്നു.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇവ തുറക്കാൻ അനുവദിച്ചത്. ചൊവ്വാഴ്ച തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. താപനില പരിശോധിക്കണം, സന്ദർശകർ മാസ്ക്കും കൈയുറയും ധരിക്കണം, ജോലിക്കാർ കൈയുറയും മാസ്ക്കും ധരിക്കുകയും ഒാരോ ഉപഭോക്താവിനെയും സ്വീകരിച്ചതിന് ശേഷം കൈയുറ മാറ്റുകയും വേണം തുടങ്ങിയ മാർഗനിർദേശങ്ങൾക്ക് വിധേയമാണ് പ്രവർത്തനം.
അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ബസുകൾ ഒാടിയത്. സീറ്റുകൾ ഇടവിട്ട് യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തിയിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് സലൂണുകൾ തുറക്കാൻ അനുവദിച്ചത്. താടി വടിക്കലിനും മസാജിനും സ്ക്രബിങ്ങിനും മേക്കപ്പിനും പുരികം ഡൈ ചെയ്യുന്നതിനും അനുമതിയില്ല. രാജ്യത്തെ റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമെന്നതും ചൊവ്വാഴ്ച മുതലുള്ള പ്രത്യേകതയാണ്. നേരത്തേ ഡ്രൈവ് ത്രൂ സർവിസ് മാത്രമാണ് അനുവദിച്ചിരുന്നത്.
ടേബിളുകൾക്കും സീറ്റുകൾക്കും ഇടയിൽ രണ്ടുമീറ്റർ അകലം വേണം, 37.5 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളവരെ പ്രവേശിപ്പിക്കരുത്, ഉപകരണങ്ങളും പ്രതലങ്ങളും ഇടക്കിടക്ക് അണുനശീകരണം നടത്തണം, സന്ദർശകർക്കായി പ്രവേശന കവാടത്തിൽ സാനിറ്റൈസർ സ്ഥാപിക്കണം, ഹുക്ക വലിക്കാൻ അനുവദിക്കില്ല, ദിവസത്തിൽ രണ്ടുനേരം (അതായത്, സർവിസ് തുടങ്ങുന്നതിന് മുമ്പും ശേഷവും) ശുചീകരണം നടത്തണം,
കൂടാതെ പാത്രങ്ങൾ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാവണം, ഉപഭോക്താവ് എത്തുന്നതിന് മുമ്പ് നേരത്തേതന്നെ ടേബ്ളിൽ പാത്രങ്ങളും നാപ്കിനും സ്പൈസസും വെക്കരുത് തുടങ്ങി നിബന്ധനകൾ റസ്റ്റാറൻറുകൾക്കും ചുമത്തി.രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുവരെ കർഫ്യൂ നിലനിൽക്കുന്നു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ കർഫ്യൂ തുടരണോ എന്നത് സംബന്ധിച്ച് ആലോചനയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.
കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് 2020ൽ തന്നെ നടത്താൻ വിവിധ സർക്കാർ ഏജൻസികൾ ഒരുക്കം തുടങ്ങിയതായി റിപ്പോർട്ട്. നവംബർ 28, ഡിസംബർ അഞ്ച് എന്നീ രണ്ട് തീയതികളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, തീയതിയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. നാലുവർഷ പാർലമെൻറിെൻറ കാലാവധി സെപ്റ്റംബർ 10ന് അവസാനിക്കുകയാണ്. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക.
രാജ്യത്തെ ആരോഗ്യസ്ഥിതിയും തെരഞ്ഞെടുപ്പ് എങ്ങനെ നടത്താനാവും എന്നതും സംബന്ധിച്ച് സെപ്റ്റംബർ അവസാനത്തിനുമുമ്പ് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോെട്ടടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കർശന നിയന്ത്രണമുണ്ടാവും. ഒരു മാസത്തോളം തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്.
ഇവിടെ ഭക്ഷണവും പാനീയങ്ങളും നൽകുന്നതിലും മാർഗനിർദേശവും നിയന്ത്രണങ്ങളുമുണ്ടാവും. വോട്ടർമാരുടെ പങ്കാളിത്തത്തിലും ആശങ്കയുണ്ട്. അടുത്ത മാസങ്ങളിൽ കോവിഡ് കുറേക്കൂടി നിയന്ത്രണത്തിലാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനമായിരുന്നു പോളിങ്. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല