
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിലും തൽക്കാലം ലോക്ഡൗണും കർഫ്യൂവും നടപ്പാക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ. അതേസമയം, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോവുകയും ചെയ്യും.
മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ കൈക്കൊള്ളും. കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചിരുന്ന സമയത്തേക്കാൾ കൂടിയ നിലയിലാണ് ചികിത്സയിലുള്ളവരുടെ എണ്ണവും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണവും.
വിപണിക്കും തൊഴിലിനും ഏൽക്കുന്ന ആഘാതം കണക്കിലെടുത്താണ് ലോക്ഡൗൺ പ്രഖ്യാപിക്കാത്തത്. ജനങ്ങൾ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിനാൽ അടുത്ത മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ആഗോളതലത്തിൽതന്നെ അനുഭവപ്പെടുന്ന വാക്സിൻ ക്ഷാമം കുവൈത്തിലും പ്രതിഫലിക്കുന്നു. പരമാവധി വാക്സിൻ ലഭ്യമാക്കാനുള്ള ഇടപെടൽ ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ ഡോസ് വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. സമീപ ആഴ്ചകളിൽ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചു വരുകയാണ്. അടുത്ത ആഴ്ചകളിലും പുതിയ കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സമ്മർദത്തിലാകും.
ഇതു മുൻകൂട്ടിക്കണ്ടാണ് സ്വകാര്യ ആശുപത്രികളുടെ സഹായം അഭ്യർഥിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് മന്ത്രാലയം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി, അഹ്മദി ഗവർണറേറ്റുകളിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല