
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനകം 44,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുവൈത്തിലെ മിഷ്‌റഫ് പ്രദര്‍ശന നഗരി കൂടാതെ അഹ്മദി,ജഹ്റ എന്നീ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം കുവൈത്തില്‍ ഞായറാഴ്ച കൊവിഡ് ബാധിച്ചു മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 921 ആയി. പുതിയതായി 204 പേര്‍ക്ക് കൂടി ഞായറാഴ്ച കൊറോണ കണ്ടെത്തി. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിച്ചവര്‍ 1,47,979 ആയി.
അതേസമയം 285 പേര്‍ കൂടി രോഗ വിമുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,43,926. പേരാണ് ആകെ രോഗമുക്തരായത്. 4,242 പേരെയാണ് ഇന്ന് രോഗ പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ രാജ്യത്ത് മൊത്തം 1,218,389 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്.
നിലവില്‍ 3,132 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 60 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അല്‍ സനാദ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല