
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കുട്ടികളെയാണ് കോവിഡ് ബാധിച്ചു ജാബര്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുട്ടികളില്‍ പുതിയതായി കോവിഡ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞ മാസം പ്രതിദിന രോഗികളില്‍ കുട്ടികളുടെ ഏണ്ണം ശരാശരി രണ്ട് മുതല്‍ മൂന്ന് വരെ ആയിരുന്നെങ്കില്‍ ഈ മാസം അഞ്ചു മുതല്‍ എട്ട് വരെയായി ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച കുട്ടികളില്‍ പലരും ഇപ്പോള്‍ പ്രത്യേക പരിചരണം ആവശ്യമായിട്ടുള്ള കോവിഡ് അനന്തര രോഗങ്ങളുടെ പിടിയിലാണെന്ന് ജാബര്‍ ആശുപത്രിയിലെ ശിശു രോഗ വിദഗ്ദയായ ഡോ ഡാന അല്‍ ഹഖാന്‍.പറയുന്നു.
ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടന്ന് സ്വകാര്യ മെഡിക്കല്‍ മേഖലയിലെ മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ചികില്‍സ ആവശ്യമുള്ള രോഗികളെ സ്വീകരിച്ചു തുടങ്ങിയതായി പ്രാദേശിക. പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഫ്യൂ കാലയളവില്‍ ആരോഗ്യ ചികിത്സക്ക് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഏറ്റവും നല്ല ആരോഗ്യ സേവനം ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് കര്‍ശനമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളും കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ റമദാന്‍ മാസത്തിനുശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസല്‍ അല്‍ സബ മുന്നറിയിപ്പ് നൽകി.
റമദാനിന് മുമ്പായി രാജ്യത്ത് ആകെ വാക്സിന്‍ എടുത്തവരുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്നും സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് ഇരുപത് ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി അഭിപ്രായപെട്ടു. എട്ട് ലക്ഷം പേര്‍ ഇതിനകം വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരില്‍ അഞ്ചു ലക്ഷം വിദേശികളും മൂന്ന് ലക്ഷം സ്വദേശികളുമാണ്. കൂടാതെ വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചതായും കണക്കുകള്‍ കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല