
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് .
ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് .
നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രവേശന വിലക്കു നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തിലേക്ക് വരാനിരിക്കുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്. മറ്റു വിവിധ രാജ്യങ്ങളിലും കോവിഡ് വൈറസിെൻറ വ്യാപന ശേഷി കൂടുതലുള്ള വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇൗ രാജ്യങ്ങളിൽനിന്ന് പ്രവേശനം അനുവദിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധ നിർദേശം. ഈ മാസം അവസാനത്തോടെ കുവൈത്ത് വിമാനത്താവളം സജീവമാകുമെന്ന ഉപപ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിർ അലി അസ്സബാഹിൻ്റെ പ്രസ്താവന നേരത്തെ പ്രവാസികൾക്ക് ആശ്വാസം പകർന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല