
സ്വന്തം ലേഖകൻ: കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറ് അംഗീകരിച്ചു. ബോണസ് അർഹരായവർക്കുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ബിൽ. ഇതിനായി ജീവനക്കാരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വിസ് കമീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്കുപുറമെ കോവിഡ്കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ഠിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച കുവൈത്തികളെ രക്തസാക്ഷികളായി കണക്കാക്കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതർക്ക് ശമ്പളത്തിെൻറ പത്തിരട്ടി നൽകും. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി വകയിരുത്തിയത്.
ഇതിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായ ഉദ്യോഗസ്ഥരുടെ വിഹിതമാണ്. കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ് അനുവദിക്കാൻ തീരുമാനിച്ച ധനമന്ത്രാലയത്തെയും ഇതുമായി ബന്ധപ്പെട്ട ബിൽ അംഗീകരിച്ച പാർലമെൻറിനെയും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് അഭിനന്ദിച്ചു.
ഇൻഫെക്ഷൻ റിസ്ക് അലവൻസ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീവനക്കാർക്ക് പ്രത്യേക അലവൻസ് നൽകാനൊരുങ്ങി ആരോഗ്യമന്ത്രാലയം. ആശുപത്രികളിലെ തൊഴിലാളികൾക്കും പ്രത്യേക മെഡിക്കൽ സെൻററുകളിലെ ജീവനക്കാർക്കും ക്വാറൻറീൻ കേന്ദ്രങ്ങളിൽ തൊഴിലെടുക്കുന്നവർക്കും പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ആണ് റിസ്ക് അലവൻസ് നൽകുക എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അലവൻസ് നൽകേണ്ട ജീവനക്കാരുടെ പട്ടികയും അവർ ചെയ്യുന്ന ജോലി സംബന്ധിച്ച വിശദാംശങ്ങളും സിവിൽ സർവിസ് കമീഷന് കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല