1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണാധീനമായ കുവൈറ്റില്‍ സെപ്തംബര്‍ മുതല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സജ്ജമായി 900ത്തോളം സ്‌കൂളുകള്‍. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ അറിയിച്ചു.

സപ്തംബറില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും 100 ശതമാനം കുട്ടികളെയും സ്‌കൂളുകളില്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം അടുത്ത മാസം മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ മൂന്ന് വഴികളാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.

മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളുകളില്‍ നേരിട്ടെത്താന്‍ അവസരം നല്‍കുകയെന്നതാണ് അതിലൊന്ന്. 50 ശതമാനം കുട്ടികള്‍ നേരിട്ട് സ്‌കൂളുകളിലെത്തുകയും ബാക്കി 50 ശതമാനം ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യുന്ന ഹൈബ്രിഡ് രീതി സ്വീകരിക്കുകയാണ് രണ്ടാമത്തെ വഴി. നിലവിലുള്ളതു പോലെ പൂര്‍ണമായും ഓണ്‍ലൈനില്‍ തുടരുകയെന്നതാണ് കമ്മിറ്റി മുന്നോട്ടുവച്ച മൂന്നാമത്തെ മാര്‍ഗം.

ഓണ്‍ലൈന്‍ പഠനം തുടരുന്നതു പോലെ തന്നെ കഷ്ടമാണ് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നതെന്ന് വിദ്യാഭ്യാസ കമ്മിറ്റി തലവനും പാര്‍ലമെന്റ് അംഗവുമായ ഹമദ് അല്‍ മത്താര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഓണ്‍ലൈന്‍ പഠനം തുടര്‍ന്നാല്‍ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട പല സാമൂഹിക കഴിവുകളും അവര്‍ക്ക് ലഭിക്കാതെ പോകുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സപ്തംബറിന് മുമ്പേ 12നും 15നും ഇടയില്‍ പ്രായമുള്ള പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 16നു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അതേപോലെ അധ്യാപകര്‍ ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ മുന്‍ഗണന നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 10 മുതല്‍ 12 ക്ലാസ്സ് വരെയുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയായിരുന്നു വാര്‍ഷിക പരീക്ഷ എഴുതിയിരുന്നത്. അതേസമയം, കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന യാത്രാവിലക്ക് കാരണം മലയാളികള്‍ ഉള്‍പ്പെടെ നിരവധി അധ്യാപകര്‍ തങ്ങളുടെ നാടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതില്‍ ഇത് തടസ്സമാവുമെന്നാണ് വിലയിരുത്തൽ.

സര്‍ക്കാര്‍ സ്‌കൂളുകളിലെ 1700ലേറെ അധ്യാപകര്‍ ഇതുപോലെ വിദേശ രാജ്യങ്ങളിലാണ് ഉള്ളതെന്ന് അല്‍ മത്താര്‍ പറഞ്ഞു. ഇവരില്‍ 1500ഓളം പേരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സ്വകാര്യ വിദ്യാലയങ്ങളിലെ 60 ശതമാനത്തോളം അധ്യാപകരും കുവൈറ്റിന് പുറത്താണുള്ളത്. 2020 മാര്‍ച്ച് 12 മുതല്‍ കുവൈറ്റിലെ എല്ലാ സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും കിന്റര്‍ഗാര്‍ട്ടനുകളും അടഞ്ഞു കിടക്കുകയാണ്.

ഏഴു മാസം അടച്ചിട്ടതിന് ശേഷം 2020-2021 അക്കാദമിക വര്‍ഷത്തിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചത്. ഭിന്നശേഷിക്കാരുടെ സ്‌കൂളുകള്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.

ഇമ്മ്യൂൺ ആപ്പിൽ മാറ്റം

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന ഇമ്യൂൺ ആപ്പ് അപ്ഡേറ്റ് ചെയ്തു. അപ്ഡേഷൻ അനുസരിച്ച് ആപ്പിൽ 6 പേരുടെ വരെ വാക്സീൻ വിവരങ്ങൾ ലഭ്യമാക്കാനാകുമെന്ന് ആരോഗ്യമന്ത്രാലയം മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ അഹമ്മദ് അൽ ഗരീബ് പറഞ്ഞു.

സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും കൂടെയുള്ളവരുടെ ഫോണിലെ അപ്ഡേഷൻ വഴി കാര്യങ്ങൾ എളുപ്പമാകുമെന്നതാണ് സൗകര്യം.
പ്രധാനമായും ഗാർഹിക തൊഴിലാളികൾ, കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ഒരു ഫോണിൽ ലഭിക്കുന്നത് അവരുടെ യാത്രയും മറ്റും എളുപ്പമാക്കുന്നതിന് സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല