
സ്വന്തം ലേഖകൻ: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കൊവിഡ് പോസിറ്റീവ് ആകുന്നതായാണ് അനുഭവമെന്നും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസിആർ പരിശോധന നടത്തിയ ശേഷമാകണം കുവൈത്തിലേക്കുള്ള യാത്ര എന്നാണ് നിയമം.
അത്തരത്തിൽ എത്തുന്ന പലരും കുവൈത്തിലെ റാൻഡം പരിശോധനയിൽ പോസിറ്റീവ് ആയി മാറുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. പുറപ്പെടുന്ന രാജ്യത്ത് പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംശയിക്കേണ്ടതുണ്ടെന്നാണു കരുതുന്നത്. അതേസമയം പരിശോധന നടത്താതെയും ചിലരുടെ മൊബൈൽ നമ്പരുകളിലേക്ക് കൊവിഡ് പരിശോധനാ റിപ്പോർട്ട് എത്തുന്നുവെന്ന പ്രചാരണം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.
സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കൊവിഡ് പരിശോധനയ്ക്ക് റജിസ്റ്റർ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഒരേ നമ്പർ ഒന്നിൽക്കൂടുതൽ ആളുകളുടേതായി നൽകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു മൊബൈൽ നമ്പറിൽ ഒന്നിൽക്കൂടുതൽ ആളുകളുടെ പരിശോധനാഫലം ലഭിച്ചെന്നിരിക്കും. അത് സിവിൽ ഐഡി നമ്പരുമായി താരതമ്യപ്പെടുത്തി നോക്കാവുന്നതേയുള്ളൂ. സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. കൃത്യമായ വിവരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല