
സ്വന്തം ലേഖകൻ: ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് വിദേശികൾക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇളവുണ്ട്.
അതേസമയം, ഡെലിവറി സേവനങ്ങൾക്ക് വിലക്കില്ല. ദേശീയ ദിനാഘോഷം ഉൾപ്പെടെ എല്ലാ ഒത്തുകൂടലുകളും വിലക്കിയും മന്ത്രിസഭ ഉത്തരവുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തൽക്കാലം അടച്ചിടേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനം. അതേസമയം, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യത്തിനല്ലാതെ യാത്ര നടത്തരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
രണ്ടാഴ്ച കഴിഞ്ഞാലും വിദേശികളുടെ പ്രവേശന വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. നിയന്ത്രണാതീതമായി കൊവിഡ് വ്യാപിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരാകും.കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാവുകയും വിദേശി ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തുടരുകയും ചെയ്ത സാഹചര്യത്തിലാണ് നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ആദ്യം ജലീബ് അൽ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തഘട്ടത്തിൽ ഫർവാനിയ, ഖൈത്താൻ, ഹവല്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പിന്നീട് രാജ്യവ്യാപക കർഫ്യൂവിലേക്കും കഴിഞ്ഞവർഷം രാജ്യം നീങ്ങി. ജോലിക്ക് പോകാനാവാതെ നിരവധിപേർ പ്രയാസപ്പെട്ടു. നിരത്തുകളിൽ പൊലീസും സൈന്യവും മാത്രമായി. അവശ്യ ഭക്ഷ്യവസ്തുക്കളും ഗ്യാസും തീർന്ന് പ്രയാസമുണ്ടായി. സന്നദ്ധസംഘടനകളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭക്ഷണ വിതരണമാണ് പലരേയും പട്ടിണിയിൽ നിന്ന് രക്ഷിച്ചത്.
അന്നത്തെ നിയന്ത്രണങ്ങളിൽ സാമ്പത്തികമായി തകർന്ന പല ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴും ആഘാതത്തിൽനിന്ന് പൂർണമായി മുക്തി നേടിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല