1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല. സപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം 100 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം.

രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും സപ്തംബര്‍ 30 ആകുമ്പോഴേക്കും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണം. ഒക്ടോബറോടെ രണ്ടാം ഡോസും പൂര്‍ത്തിയാക്കാനാവണം. പ്രവാസികള്‍ക്കിടയി വിതരണം ചെയ്യുന്നതിനായി സിനോവാക് വാക്‌സിന്റെ അഞ്ച് ലക്ഷം ഡോസുകള്‍ എത്തിക്കുമെന്നും അല്‍ അബ്രി അറിയിച്ചു.

അതിനിടെ, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കുവൈത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ഇളവ് സപ്തംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കും. വാക്‌സിനെടുക്കാത്ത രണ്ട് വിഭാഗങ്ങളെ മാത്രമേ അതിനു ശേഷം പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് ഒഴിവാക്കപ്പെട്ടവരില്‍ ഒരു വിഭാഗം. ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ പറ്റാത്തവരാണ് രണ്ടാമത്തെ വിഭാഗം. പുതിയ തീരുമാന പ്രകാരം വാക്‌സിന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്ന യാത്രാനുമതി ഇല്ലാതാവും.

കുവൈത്തിലെ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനത്തിലേറെ പേരും ഇതിനകം വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹരായവരിലും വാക്‌സിന്‍ എടുത്തവരുടെ എണ്ണം 70 ശതമാനം പിന്നിട്ടു. സെപ്തംബര്‍ മാസത്തോടെ രാജ്യം സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ മിക്കവാറും ആളുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമായിക്കഴിഞ്ഞ സ്ഥിതിക്ക് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം അടുത്ത മാസം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ മന്ത്രാലയം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ ശാരീരിക പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഏത് വാക്‌സിന്‍ ലഭിച്ചവര്‍ക്കും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന ചടങ്ങുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ അനുമതി നല്‍കുന്നത കാര്യം അധികൃതര്‍ ആലോചിക്കുന്നതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുന്ന കാര്യവും പരിഗണനയിലാണ്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആ സമയത്തെ അവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ. സ്‌കൂള്‍ ക്ലാസ്സുകളും ഒക്ടോബര്‍ മൂന്നിന് പുനരാരംഭിക്കും. പാര്‍ക്കുകള്‍, ബീച്ചുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയും അടുത്ത മാസത്തോടെ തുറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.