1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: രജിസ്റ്റര്‍ ചെയ്തവരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരുമായ മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. നിലവിലെ വേഗതയില്‍ വാക്‌സിന്‍ രജിസ്‌ട്രേഷനും വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ 70 ശതമാനം ആളുകളും ഇതിനകം വാക്സിന്‍ സ്വീകരിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപിനവുമാായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ 70 ശതമാനം എന്നത് മൊത്തം ജനസംഖ്യയുടെതാണോ അതോ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 12 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെതാണോ എന്ന കാര്യം വ്യക്തമല്ല. കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഡെല്‍റ്റ ഉള്‍പ്പെടെയുള്ള കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതായി നേരത്തേ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്തെ മിക്കവാറും ആളുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമായിക്കഴിഞ്ഞ സ്ഥിതിക്ക് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം അടുത്ത മാസം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ മന്ത്രാലയം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ ശാരീരിക പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഏത് വാക്‌സിന്‍ ലഭിച്ചവര്‍ക്കും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവരും പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരുമായ ആളുകള്‍ക്കാണ് അടുത്ത മാസം ബൂസ്റ്റര്‍ ഡോസ് നല്‍കുക.

അതിനിടെ, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് ആറ് ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് വിതരണം ചെയ്യാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. വാക്‌സിന്റെ ലഭ്യത ഉറപ്പായ സാഹചര്യത്തിലാണ് രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തേ നാലു മാസം വരെയായിരുന്നു ഇടവേള. രണ്ടാം ഡോസ് വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ സന്ദേശം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇതിനകം ലഭിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, നേരത്തേ നിര്‍ത്തിവച്ച അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി നല്‍കി. സര്‍ക്കാര്‍, സ്വകാര്യ, സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ക്കെല്ലാം അനുമതി ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് അനുമതിയെന്ന് മന്ത്രാലയം വക്താവ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.