1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2021

സ്വന്തം ലേഖകൻ: 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇനി മുതല്‍ 18ന് മുകളിലുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിനേഷന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്നു അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയായ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

ബുസ്റ്റര്‍ ഡോസ് ലഭിക്കാന്‍ വേണ്ടി രജിസ്ട്രേഷന്‍ ചെയ്യണം. ഇതിനായി പ്രത്യേക ക്യുആര്‍ കോഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ കോഡ് സ്‌കാന്‍ ചെയ്ത് സ്ലോട്ട് ബുക്ചെയ്യാം. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം നേരത്തേ ആരംഭിച്ചിരുന്നു. മുന്‍ഗണന വിഭാഗക്കാരെ മന്ത്രാലയം നേരിട്ടു കണ്ടെത്തി അറിയിക്കുകയാണ് ചെയ്യുന്നത്. 60 വയസ്സിനു മുകളിലുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നീ വിഭാഗങ്ങളാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്.

ഏത് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്തവരാണെങ്കിലും ഫൈസര്‍ ബയോണ്‍ടെക്ക് വാക്സിനാണ് ബൂസ്റ്റര്‍ ആയി നല്‍കുന്നത്. വാക്സിന്‍ ലഭ്യത, മുന്‍ഗണന എന്നിവ അടിസ്ഥാനമാക്കിയാകും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മൂന്നാം ഡോസ് അനുവദിക്കുകയെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. അതിനിടെ, ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുകയാണെങ്കിലും യാത്രാ നിബന്ധനകളില്‍ മാറ്റം വന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്ക് മൂന്ന് ഡോസ് വേണമെന്ന നിബന്ധന പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. നിലവിലുള്ള പ്രകാരം രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരെ പ്രതിരോധ ശേഷി നേടിയവരായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതു പ്രകാരം ഫൈസര്‍, മൊഡേണ, ഓക്‌സ്‌ഫോഡ് വാക്‌സിനുകളുടെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒരു ഡോസും എടുത്തവരെയാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ നേടിയവരായി കണക്കാക്കുക. അതിനാല്‍ ബുസ്റ്റര്‍ ഡോസ് എടുക്കാതെ തന്നെ വിദേശത്തുള്ളവര്‍ക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാനാവും. അതേസമയം, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്‌സിനാണ് എടുത്തതെങ്കില്‍ മൂന്നാം ഡോസ് കൂടി എടുക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.