
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുന്നതായും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി സംശയിക്കുന്നതായും കൊറോണ സുപ്രീം കമ്മിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമായി കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ.ഖാലീദ് അല്‍ ജാറള്ള വ്യക്തമാക്കി.
വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അല്‍ ജാറള്ള നിര്‍ദേശിച്ചു. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും പ്രതിരോധ കുത്തിവെപ്പില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും പ്രതിദിന കോവിഡ് മരണവും കോവിഡ് രോഗികളും വര്‍ദ്ധിക്കുന്നു.
കൊറോണ വൈറസിന്റ ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ രൂപമാണ് ഡെല്‍റ്റ വകഭേദം. സാധാരണ വൈറസിനേക്കാള്‍ 60 ശതമാനം അധികം വ്യാപന ശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം ഡെല്‍റ്റ വകഭേദം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
അതേസമയം കുവൈത്തില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളോട് ഇക്കാര്യം അറിയിച്ചതായും, നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും കൊറോണ സുപ്രീം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല