
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഓഗസ്റ്റ് ആദ്യം മുതൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുമ്പോൾ കർശനമായ നിയന്ത്രണങ്ങളുമായി അധികൃതർ. കുവൈത്തിൽനിന്ന് തിരിച്ചുപോവുന്നവർക്ക് ഹാൻഡ് ബാഗേജ് അനുവദിക്കില്ല എന്നതാണ് പ്രധാന നിബന്ധന. അത്യാവശ്യ മരുന്നുകളും അത്യാവശ്യ വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയിൽ കൊണ്ടു പോകാൻ അനുമതിയുണ്ട്.
നേരത്തേ ഏഴുകിലോ വരെ ഹാൻഡ് ബാഗേജ് അനുവദിച്ചിരുന്നു. വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ മാത്രമേ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽ മാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. വിദേശി യാത്രക്കാർക്ക് റാൻഡം കോവിഡ് പരിശോധന നടത്തും.
സാമൂഹിക അകലം പാലിക്കുകയും അണുബാധ തടയാൻ സഹായിക്കുന്ന വസ്ത്രങ്ങൾ ധരിക്കുകയും വേണം. ഒാൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇ-മെയിൽ വഴി സ്വീകരിക്കുകയും വേണമെന്ന് കുവൈത്ത് വിമാനത്താവളം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി നിർദേശിച്ചു. പേപ്പർ ടിക്കറ്റ് വഴി വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണിത്.
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണം. കുവൈത്തി യാത്രക്കാർ ‘കുവൈത്ത് ട്രാവലേഴ്സ്’ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുകയും ബാർകോഡ് വിമാനത്താവളത്തിൽ കാണിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല