1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ വച്ച് ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കുവൈറ്റുമായുള്ള തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കാന്‍ ഫിലിപ്പീന്‍സിനെ നിര്‍ബന്ധിതരാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഫിലിപ്പീന്‍സ് ഭരണകൂടം വീണ്ടും നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതയിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുവൈത്തിലെ മരുഭൂമിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയായ ജുലേബി റാണാറയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുവൈത്ത് ബാലനെ പോവിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാരനാണ് ബാലന്‍. യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. യുവതി ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ തങ്ങള്‍ കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഫിലിപ്പീന്‍സിലെ മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെക്രട്ടറി സൂസന്‍ ഒപ്ലെ മനിലയില്‍ ഫിലിപ്പീന്‍സ് സെനറ്റില്‍ വച്ച് പറഞ്ഞിരുന്നു. 2018-ലെ ഉഭയകക്ഷി തൊഴില്‍ കരാര്‍ പുനരവലോകനത്തിന് വിധേയമാക്കേണ്ട സമയമാണിതെന്നും അത് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി കരാറിന് സമാനമായി തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന രീതിയില്‍ അത് മാറ്റിയെഴുതണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2018 മാര്‍ച്ചിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറില്‍ കുവൈറ്റും ഫിലിപ്പീന്‍സും ഒപ്പുവച്ചത്. കുവൈത്തിലെ തൊഴിലുടമകളുടെ ഭാഗത്തു നിന്നുള്ള പീഡനങ്ങളും അതിക്രമങ്ങളും നിരവധി ഫിലിപ്പീന്‍സുകാരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ രണ്ട് മാസത്തെ നയതന്ത്ര പ്രതിസന്ധിക്കു ശേഷമായിരുന്നു ഇത്.

ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയായ ജോവാന ഡാനിയേല ഡെമാഫെലിസ് തൊഴിലുടമയാല്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുതിയ സംഭവം. അന്നത്തെ സംഭവം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാവുകയും ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, റാണാരയുടെ കൊലപാതകം റിക്രൂട്ട്‌മെന്റ് നിരോധനത്തിലേക്ക് നയിക്കാനിടയില്ലെന്ന് മിസ് ഒപ്ലെ പറഞ്ഞു. കുവൈത്തിലേക്ക് പോകുന്ന ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കരാറില്‍ അധിക സുരക്ഷാ സംവിധാനങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഓപ്ലെ പറഞ്ഞു.

ഫിലിപ്പീന്‍സിലെ വിദേശ തൊഴിലാളികളുടെ വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ 2016 മുതല്‍ കുവൈത്തില്‍ 196 ഫിലിപ്പിനോ തൊഴിലാളികളുടെ മരണങ്ങള്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. 2017 മുതല്‍ ഫിലിപ്പിനോ എംബസിയില്‍ 6,000-ത്തിലധികം ചൂഷണം, ലൈംഗിക പീഡനം, ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 300-ലധികം ഫിലിപ്പിനോ തൊഴിലാളികള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് മടങ്ങുമെന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളി വകുപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.