1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2018

സ്വന്തം ലേഖകന്‍: കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഉടന്‍. കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഗാര്‍ഹിക തൊഴിലിനായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം മലയാളികള്‍ക്കുള്ള യാത്രാരേഖകള്‍ തയാറായാല്‍ ഉടന്‍ തന്നെ ആദ്യ ബാച്ച് യാത്ര തിരിക്കും.

ഗാര്‍ഹിക തൊഴിലാളികളായ 500 പേരെ റിക്രൂട്ട് ചെയ്യുന്നതിന് അല്‍ ദുറയും നോര്‍ക്കറൂട്ട്‌സും നേരത്തെ ധാരണയായിരുന്നു. അതനുസരിച്ചു നോര്‍ക്കറൂട്ട്‌സ് കൈമാറിയ നൂറോളംപേരുടെ ബയോഡേറ്റയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ആദ്യബാച്ചില്‍ അവസരം ലഭിക്കുക. വിദേശത്തേക്കു റിക്രൂട്ട്‌മെന്റിന് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കിയ ആറ് ഏജന്‍സികളുമായി ചര്‍ച്ചയ്ക്കാണ് അല്‍ ദുറ കമ്പനി ഇന്ത്യയില്‍ എത്തിയത്. കേരളത്തില്‍ ഒഡെപെകുമായും അവര്‍ ചര്‍ച്ച നടത്തിയിരുന്നു. നോര്‍ക്കറൂട്ട്‌സിനു പുറമെ ആന്ധ്രാപ്രദേശിലുള്ള ഏജന്‍സി മാത്രമാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റിനു താല്‍പര്യം കാണിച്ചിട്ടുള്ളത് എന്നാണു വിവരം.

ഇന്ത്യയില്‍നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളിക്കു 110 ദിനാര്‍ ആണ് പ്രതിമാസ ശമ്പളം ലഭിക്കുക. ഭക്ഷണം, താമസസൗകര്യം, ഇന്‍ഷുറന്‍സ് ആനുകൂല്യം, മൊബൈല്‍ സിം, തൊഴില്‍നിയമ പരിരക്ഷ എന്നിവ ഉറപ്പാക്കും. തൊഴിലിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരാതി കേള്‍ക്കുന്നതിന് അല്‍ ദുറ കമ്പനിയില്‍ കോള്‍ സെന്റര്‍ ഉണ്ടാകും. അവിടെ മലയാളം അറിയാവുന്നയാളുടെ സേവനം ലഭ്യമാക്കണമെന്ന നോര്‍ക്കറൂട്ട്‌സിന്റെ അഭ്യര്‍ഥന പരിഗണിക്കാമെന്നും അല്‍ ദുറ കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ജോലിക്കാരെ താമസിപ്പിക്കുന്നതിനു കമ്പനി മേല്‍നോട്ടത്തില്‍ ആറ് ഗവര്‍ണറേറ്റുകളിലും ഷെല്‍ട്ടറുകള്‍ ഉണ്ടാകും. ഷെല്‍ട്ടറിലേക്കു മാറ്റപ്പെടുന്നവര്‍ക്കു പുതിയ തൊഴിലിടങ്ങളില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള സഹായവും കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടാകും. ഇന്ത്യയില്‍നിന്നു റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതാ ഗാര്‍ഹികത്തൊഴിലാളിക്ക് ആറുമാസം പ്രൊബേഷന്‍ കാലമായിരിക്കും. തൊഴിലിടങ്ങളില്‍ രീതികളും ചുറ്റുപാടുകളും പരിചയപ്പെടുന്നതിനാണ് അത്. ആറുമാസത്തിനകം ജോലിയുമായി തൃപ്തിപ്പെടുന്നില്ലെങ്കില്‍ തൊഴിലാളിയെ അല്‍ ദുറ കമ്പനിയുടെ ചെലവില്‍ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കും. തിരഞ്ഞെടുക്കപ്പെടുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ മൂന്നു ദിവസത്തെ ഓറിയന്റേഷന്‍ കോഴ്‌സിനു ശേഷമാകും കുവൈറ്റിലേക്ക് അയയ്ക്കുക.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.