
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളികളുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പല രാജ്യങ്ങളും വിവിധ വിമാന കമ്പനികൾക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഇതുവരെ ആകെ കുവൈത്തിലെത്തിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വിമാനം മാത്രം.
ഗാർഹിക തൊഴിലാളികളുടെ ഡിമാൻഡ് വർദ്ധിച്ചതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് നേരിട്ടു വരുന്നതിനുള്ള അവസരമൊരുങ്ങിയെങ്കിലും തൊഴിലാളികളുടെ മടങ്ങിവരവ് സജീവമായിട്ടില്ല. നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് പ്രഖ്യാപിച്ച സമയത്ത്തൊഴിലാളികളുടെ മടക്കം സാധ്യമായിട്ടുമില്ല.
കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് വിമാനങ്ങളിലാണ് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങൾ ക്വാട്ട അടിസ്ഥാനത്തിൽ തങ്ങളുടെ വിമാനക്കമ്പനികൾക്കും അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഇത്യോപ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ വിമാനങ്ങൾക്ക് പങ്കാളിത്തം വേണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
മുമ്പ് കുവൈത്തിൽനിന്ന്വിദേശികളുടെ മടക്കം സംബന്ധിച്ചും ഇത്തരത്തിൽ തർക്കം ഉണ്ടായിരുന്നു. വന്ദേഭാരത് ദൗത്യത്തിൻറ ആദ്യഘട്ടത്തിൽ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ സർവിസ് നടത്തിയ ഘട്ടത്തിൽ തർക്കമുണ്ടായില്ല. എന്നാൽ പിന്നീട് ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നീ വിമാന കമ്പനികൾ സർവിസ് നടത്തിത്തുടങ്ങിയപ്പോൾ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവക്കും ക്വാട്ട വേണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. സമാനമായ ആവശ്യം ഉന്നയിച്ചതോടെയാണ് പ്രശ്ന പരിഹാരം നീണ്ടുപോകുന്നത്.
എന്നാൽ തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് ക്വാറൻറീൻ കേന്ദ്രങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കി കുവൈത്ത് വിമാനത്താവളം സജ്ജമായിട്ടുണ്ട്. ബിനീദ് അൽ ഗാർ, കുവൈത്ത് സിറ്റി, ഫിൻതാസ്, സാൽമിയ, ഫർവാനിയ, മഹബൂല, അബൂഹലീഫ തുടങ്ങി സ്ഥലങ്ങളിൽ ഹോട്ടലുകളും അപ്പാർട്മെൻറുകളും എടുത്താണ് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിൽനിന്ന് 110 ദീനാറും ഫിലിപ്പീൻസിൽനിന്ന് 200 ദീനാറും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 145 ദീനാറുമാണ് വീട്ടുജോലിക്കാരുടെ മടക്കത്തിന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല