1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ട്രാന്‍സ്ഫറിനായി ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഒരു സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരു സ്‌പോണ്‍സര്‍ഷിപ്പിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സഹേല്‍ വഴി അതീവ ലളിതമായി മാറാന്‍ ഇതിലൂടെ സാധിക്കും.

സഹേല്‍ വഴി റെസിഡന്‍സ് ട്രാന്‍സ്ഫര്‍ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മന്ത്രാലയത്തിലെ നാഷണാലിറ്റി ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗവും തമ്മിലുള്ള സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയതെന്ന് മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ സേവനം തുടക്കത്തില്‍ ഗാര്‍ഹിക തൊഴിലാളികളായ ആര്‍ട്ടിക്കിള്‍ (20) വിഭാഗത്തില്‍ വരുന്ന സ്ത്രീകള്‍ക്കു മാത്രമായിരിക്കുമെന്നും അടുത്ത ഘട്ടത്തില്‍ ഈ വിഭാഗത്തില്‍ വരുന്ന പുരുഷന്മാര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. വീട്ടുവേലക്കാരികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമാണ് ഇപ്പോള്‍ സഹേല്‍ വഴി ആരംഭിച്ചത്.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലുടമയ്ക്ക് മാത്രമാണ് അധികാരം. നിലവിലെ സ്‌പോണ്‍സര്‍ക്ക് സഹേല്‍ ആപ്ലിക്കേഷനിലൂടെ നടപടിക്രമങ്ങള്‍ ആരംഭിക്കാം. തുടര്‍ന്ന് പുതിയ സ്‌പോണ്‍സര്‍ അപേക്ഷയിലൂടെ ലഭിക്കുന്ന അറിയിപ്പ് വഴി ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം.

ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുമ്പോള്‍ ജോലിക്കാരും പുതിയ സ്‌പോണ്‍സറും തമ്മില്‍ നിയമപ്രകാരമുള്ള പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കേണ്ടത് നിര്‍ബന്ധമാണ്. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്. കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളിലും കേസുകളിലും ഈ കരാര്‍ ആയിരിക്കും മാനദണ്ഡം.

വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവിവാഹിതര്‍ക്ക് അനുവാദമില്ല. കുവൈത്ത് പൗരനും വിവാഹിതരും 18 വയസ്സില്‍ കുറയാത്തതുമായ വ്യക്തിക്ക് ജോലിക്കാരെ നിയമിക്കാം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോള്‍ പുതിയ തൊഴിലുടമ തൊഴിലാളിയെ നിയമിക്കുന്നതിന് നിയമ തടസ്സങ്ങളൊന്നുമില്ലാത്ത വ്യക്തിയായിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.