
സ്വന്തം ലേഖകൻ: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ ലാബ് ടെക്‌നീഷ്യന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ ഓരോ സര്‍ട്ടിഫിക്കറ്റിനും ആറ് ദിനാര്‍ വീതം പിടിയിലായ ഇന്ത്യക്കാരന് കമ്മീഷനായി ലഭിക്കും.
കൊവിഡ് തെളിയിക്കുന്നതിനുള്ള പിസിആർ പരിശോധനാ ലൈസൻസുള്ള ലാബുകളിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കൊറോണ പരിശോധനയ്ക്ക് സ്വകാര്യമേഖലയിൽ 4 ലബോറട്ടറികൾക്കാണ് ലൈസൻസ് നൽകിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ടെക്നിഷ്യൻ പിടിയിലായ ലാബിന് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാൻ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.
സ്രവം പരിശോധിക്കുന്നതിന്റെ കൃത്യത ഉറപ്പാക്കാൻ മെഡിക്കൽ ലബോറട്ടറീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ മൈക്രോബയോളജി ലബോറട്ടറീസ് കമ്മിറ്റി അധികൃതർ 4 ലബോറട്ടറികളും ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും പിടിയിലായാൽ നിയമകാര്യ വിഭാഗം മുഖേന അന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് ഒരു ദിവസം തൊട്ട് ഒരു വർഷം വരെ മരവിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല