1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2022

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവവുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മന്ത്രാലയം ഇത് നടപ്പിലാക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കുവൈത്തിലെ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രസവ ചികില്‍സയുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ 50 മുതല്‍ 75 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കുവൈത്ത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. അടുത്ത വര്‍ഷത്തോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം അധികൃതര്‍. നിലവില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുവൈത്ത് പൗരന്‍മാര്‍ അല്ലാത്ത രോഗികളില്‍ നിന്ന് സാധാരണ പ്രസവത്തിന് 100 ദിനാറും സിസേറിയന്‍ ഡെലിവറിക്ക് 150 ദിനാറുമാണ് ഫീസായി ഈടാക്കുന്നത്.

സ്വാഭാവിക പ്രസവമാണെങ്കിലും സിസേറിയന്‍ പ്രസവമാണെങ്കിലും അള്‍ട്രാസൗണ്ട് പരിശോധനകള്‍, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെയാണ് ഇത്രയും തുക ഈടാക്കുന്നത്. എന്നാല്‍ ആശുപത്രിയിലെ താമസ മുറിയുടെ വാടക ഇതിന് പുറമെയാണ്. ഉദാഹരണത്തിന്, ഒരു സ്വകാര്യ മുറി എടുത്താണ് രോഗി ആശുപത്രിയില്‍ കഴിയുന്നതെങ്കില്‍ പ്രതിദിനം 100 ദിനാര്‍ അധിക വാടക നല്‍കണം. മെഡിക്കല്‍ സ്റ്റാഫും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ ഉയര്‍ന്ന ഫീസും പ്രസവ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ തമ്മിലുള്ള വലിയ അന്തരവുമാണ് ഈ രീതിയില്‍ ഉയര്‍ന്ന ഫീസ് ചുമത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.

പ്രസവ ഫീസിന് പുറമെ, അള്‍ട്രാസൗണ്ട് പരിശോധനകള്‍, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്ക്കുള്ള ഫീസുകള്‍ പ്രത്യേകമായി ഈടാക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശയിലെ നിര്‍ദ്ദേശം. അതോടൊപ്പം സ്വകാര്യ മുറിയുടെ വാടക ഇരട്ടിയാക്കാനും നിര്‍ദ്ദേശമുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ പ്രതിവര്‍ഷം 20,000ത്തിലേറെ വിദേശികള്‍ പ്രസവത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. അതേസമയം കുവൈത്ത് സ്ത്രീകളില്‍ ഒരു വര്‍ഷം 8,000ത്തില്‍ താഴെ പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. സ്വദേശികളില്‍ ഭൂരിഭാഗം പേരും ഡെലിവറി ആവശ്യങ്ങള്‍ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത് എന്നതിനാലാണ് ഈ അന്തരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.