1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദധാരികളല്ലാത്ത 60 നും അതിന് മുകളിലുള്ള താമസക്കാരുടെ വിസ പുതുക്കലിന് ഉടന്‍ പരിഹാരം. ഒരു വര്‍ഷത്തിലേറെ വൈകിയതിനാല്‍ ഉടന്‍ തന്നെ ആഴത്തില്‍ വേരൂന്നിയ പരിഹാരങ്ങള്‍ കാണുമെന്ന് ഉന്നത ശ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജരിദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ് സ്റ്റേറ്റ് മന്ത്രിയുമായ ജമാല്‍ അല്‍ ജലാവി പ്രകടിപ്പിച്ചു. വാണിജ്യ- വ്യവസായ മന്ത്രിയുടെ കീഴിലായിരുന്ന നിലവില്‍ നീതിന്യായ മന്ത്രിയുടെ കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് ചില സര്‍ക്കാര്‍ അധികാരികളുടെ അധികാരപരിധി കൈമാറുന്നതിനുള്ള മന്ത്രിസഭാ ഉത്തരവ് കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പുതുക്കല്‍ ഫീസ് പ്രതിവര്‍ഷം 1000 കെഡി മുതല്‍ 1100 കെഡി വരെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 53,000ത്തിലേറെ പ്രവാസികളാണ് രാജ്യത്ത് നിലവില്‍ താമസിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ ആയിരക്കണക്കിന് പേരുടെ വിസ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നിലവില്‍ വന്ന വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് വിസ പുതുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നു. അതിനിടെ, വിസ പുതുക്കാനാകാതെ ആയിരക്കണക്കിന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തു.

അതേസമയം, വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധന നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന ബിരുദമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാക്കാനാണ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നത്.

ഈ വിഭാഗത്തില്‍പെടുന്ന കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2021 ജനുവരിയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബിരുദമില്ലാത്ത വയോജനങ്ങളുടെ വിസ പുതുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. എന്നാല്‍, ഈ തീരുമാനം മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ കമ്മിറ്റി പിന്നീട് റദ്ദാക്കിയെങ്കിലും വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീണ്ടുപോവുകയായിരുന്നു.

വിസ പുതുക്കുന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെ 1000 ദിനാര്‍ ഈടാക്കി വിസ പുതുക്കി നല്‍കാമെന്ന് മാന്‍പവര്‍ അതോറിറ്റി പിന്നീട് തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമപരമായ അവ്യക്തതയാണ് തീരുമാനം നീളാന്‍ കാരണം. പുതുതായി ചുമതലയേറ്റ നിയമമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.